ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന്‍റെ കുമ്പസാരമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടേയും ആരോഗ്യവകുപ്പ് സഹമന്ത്രിയുടേയും രാജിയെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
“എല്ലാം ശരിയായി നടന്നാല്‍ അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കും, എന്നാല്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി മന്ത്രിമാരാവും. ചോദ്യം ചെയ്യപ്പെടാത്ത അനുസരണയ്ക്ക് ഒരു മന്ത്രി കൊടുക്കുന്ന വില അതാണ്.”- ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നത്. പുതിയ മന്ത്രിസഭയ്ക്ക് മുന്നോടിയായാണ് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഹര്‍ഷവര്‍ധനും ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയും രാജി പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് നിര്‍ണായക സ്ഥാനങ്ങളിലുള്ള ഇവരുടെ രാജി മഹാമാരിയെ കൈകാര്യം ചെയ്തതിലെ പിഴവ് സമ്മതിക്കുന്നതാണെന്നാണ് ചിദംബരം പ്രതികരിക്കുന്നത്.
ഹര്‍ഷവര്‍ധന് പുറമേ, രാസവളം സദാനന്ദ ഗൗഡ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക്, തൊഴില്‍ മന്ത്രി സന്തോഷ് ഗാംങ്വാര്‍ എന്നിവര്‍ പുനഃസംഘടനയ്ക്കു മുമ്പായി രാജിവച്ചു. വനിതാ ശിശുക്ഷേമ മന്ത്രി ദേബശ്രീ ചൗധരി, മൃഗക്ഷേമ സഹമന്ത്രി പ്രതാപ സാരംഗി എന്നിവരും രാജിനല്‍കി.
അതേസമയം, 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. നാരായൺ റാണെ, സർബാനന്ദ സോനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കിരൺ റിജിജുവിനും ഹർദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് ഠാക്കൂറിനും ആർ.കെ. സിങ്ങിനും ജി. കിഷൻ റെഡ്ഡിക്കും സ്ഥാനക്കയറ്റമുണ്ട്. വനിതാ നേതാക്കളായ അനുപ്രിയ പട്ടേൽ, ശോഭ കരന്തലജെ, മീനാക്ഷി ലേഖി എന്നിവർ കേന്ദ്രസഹമന്ത്രിസ്ഥാനമാണു ലഭിച്ചത്.
മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് എ. നാരായണസ്വാമിയും ബംഗാളിലെ ഗോത്രവർഗ നേതാവ് ജോൺ ബർളയും കേന്ദ്രസഹമന്ത്രിമാരാകും.