ന്യൂഡൽഹി: ന്യൂസ് 18 ന്‍റെ മാധ്യമപ്രവർത്തകൻ ദീപ് ശ്രീവാസ്തവ നൽകിയ മാനനഷ്ടക്കേസില്‍ ന്യൂസ് ലൗൺഡ്രിയുടെ റിപ്പോർട്ടർ നിധി സുരേഷിനെതിരെ ഷാജഹാൻപൂരിലെ സർദാർ ബസാർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 500, 501 എന്നിവ പ്രകാരമാണ് എഫ്‌ഐആർ ഫയല്‍ ചെയ്തിരിക്കുന്നത്.
മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ന്യൂസ് ലൗൺഡ്രിയുടെ സഹസ്ഥാപകനും സിഇഒയുമായ അഭിനന്ദൻ ശേഖ്രി പറഞ്ഞു.
“രാജ്യത്തെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതിന് എഫ്‌ഐആറുകളും നിയമ നടപടിക്രമങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇത് ദുഖകരമാണ്, എന്നാല്‍ ദുഖകരമായ കാര്യം മാധ്യമപ്രവർത്തകർ തന്നെയാണ് ഈകര്യങ്ങള്‍ വിനിയോഗിക്കുന്നു എന്നതാണ്.
”ടൈംസ് നൌ പോലുള്ള വലിയ മാധ്യമങ്ങളും മുമ്പ് തങ്ങള്‍ക്കെതിരെ കേസുകൾ നൽകിയിട്ടുണ്ട്. ഈ മാധ്യമങ്ങൾക്ക് പത്രപ്രവർത്തനം നടത്താൻ താൽപ്പര്യമില്ല. പകരം സർക്കാരിനുവേണ്ടിയുള്ള പ്രചാരണ യന്ത്രങ്ങളായി മാറുന്നതിലാണ് അവർക്ക് താല്‍പ്പര്യം”- അഭിനന്ദൻ ശേഖ്രി പറഞ്ഞു.
ആയിഷാ അൽവി എന്ന സ്ത്രീ ഇസ്ലാം മതം സ്വീകരിച്ചതിനുശേഷം മാധ്യമങ്ങള്‍ ഉപദ്രവിച്ചുവെന്ന ആരോപണം ഉൾക്കൊള്ളുന്ന ഒരു റിപ്പോർട്ട് മുമ്പ് നിധി സുരേഷ് എഴുതിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ആയിഷാ അൽവി ദില്ലി ഹൈക്കോടതിയിൽ നല്‍കിയ ഹരജിയില്‍ അവര്‍ക്ക് ഒരു ഭീഷണി സന്ദേശം ലഭിച്ചതായി പറയുന്നു.
‘തന്‍റെ മതപരിവർത്തനത്തെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുമെന്നും തന്നെ അറസ്റ്റു ചെയ്യുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. പകരം അയാള്‍ പണം ആവശ്യപ്പെടുകയും, നിരസിച്ചപ്പോൾ വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം അയാള്‍ ഇരുപതിനായിരം രൂപ ബലമായി പിടിച്ചെടുത്തു’- ആയിഷാ അൽവി ഹരജിയില്‍ പറയുന്നു.
ഭീഷണി സന്ദേശം ലഭിച്ച നമ്പര്‍ ന്യൂസ് 18 ലെ റിപ്പോർട്ടർ ദീപ് ശ്രീവാസ്തവയുടെതാണെന്ന് തിരിച്ചറിഞ്ഞതായി നിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് ശ്രീവാസ്തവ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പരാതി നല്‍കിയത്.