വൈഎസ്ആറിന്റെ ജന്മവാർഷികദിനമായ ജൂലൈ എട്ട് തെലങ്കാനയുടെ രാഷ്ട്രീയ ഭാവി തിരുത്തി എഴുതുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന ശർമിള പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയപാർട്ടിയുടെ ഉദ്ഘാടനം അന്നാണ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ വീഴ്ത്തി തെലങ്കാനയിൽ ‘രാജണ്ണ രാജ്യം’ (രാജശേഖര റെഡ്ഡിയുടെ ഭരണം) കൊണ്ടുവരാനുള്ള നീക്കമാണ് ശർമിള നടത്തുന്നെതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ശർമിളയുടെ നീക്കം ആദ്യം കാര്യമായെടുത്തില്ലെങ്കിലും ഇപ്പോൾ റാവുവിനെ ഞെട്ടിച്ചിട്ടുണ്ടെന്ന് മനോരമ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ശർമിളയുടെ പ്രചാരണബോർഡുകൾ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ നീക്കിയത് ഇതിനു തെളിവാണെന്നും അനുയായികൾ പറയുന്നതായും റിപ്പോർട്ടിൽ ഉണ്ട്.
ആന്ധ്രാപ്രദേശ് വിഭജനത്തിന് മുൻപ് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു വൈഎസ്ആർ. 2009ൽ ഹെലികോപ്റ്റർ അപകടത്തിലാണു അദ്ദേഹം മരിച്ചത്. തുടർന്ന് തന്നെ മുഖ്യമന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് ജഗൻ മോഹൻ റെഡ്ഢി കോൺഗ്രസ് വിട്ട് വൈഎസ്ആർ കോൺഗ്രസ് രൂപീകരിച്ചത്. തനിക്ക് ഭീഷണിയായി സഹോദരി ശർമിള വളരുമോ എന്നു ജഗൻ ഭയപ്പെട്ടിരുന്നത്രേ. പക്ഷെ ആന്ധ്രാ വിഭജനത്തിന് ശേഷം ചേട്ടൻ ആന്ധ്രയിലും സഹോദരി തെലങ്കാനയിലുമായി നിൽക്കുകയായിരുന്നു. ‘ജഗൻമോഹൻ ആന്ധ്രയിൽ ജോലി ചെയ്യുന്നു, ഞാൻ തെലങ്കാനയിലും’ എന്നൊക്കെ പറഞ്ഞുനടന്ന ശർമിള ഇപ്പോഴിതാ ജഗനെത്തന്നെ വെല്ലുവിളിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ.
വൈഎസ്ആറിന്റെ മകളായും ജഗന്റെ സഹോദരിയായും ഒതുങ്ങിക്കഴിഞ്ഞിരുന്ന ശർമിള 2012ലാണ് രാഷ്ട്രീയത്തിൽ കാലെടുത്തുവച്ചത്. അനധികൃത സ്വത്തു കേസിൽ ജയിലിലായിരുന്ന ജഗന്റെ അസാന്നിധ്യത്തിൽ അന്ന് വൈഎസ്ആർ കോൺഗ്രസിന്റെ ഉപതിരഞ്ഞെടുപ്പു പ്രചാരണം ശർമിള ഏറ്റെടുക്കുകയായിരുന്നു. ആന്ധ്രയിലെ 18 നിയമസഭാ മണ്ഡലങ്ങളിലും നെല്ലൂർ ലോക്സഭാ മണ്ഡലത്തിലും ജനക്കൂട്ടത്തെ കയ്യിലെടുത്താണ് ശർമിള അന്നു രാഷ്ട്രീയവരവറിയിച്ചത്. മുക്കിയും മൂളിയുമായിരുന്നു പ്രചാരണത്തുടക്കമെങ്കിൽ ദിവസങ്ങൾക്കകം അതു മണിക്കൂറുകൾ നീളുന്ന വാക്‌പ്രവാഹമായി മാറി. ഫലം വന്നപ്പോൾ എതിരാളികൾ ഞെട്ടി; 15 നിയമസഭാ സീറ്റും നെല്ലൂർ ലോക്സഭാ സീറ്റും വൈഎസ്ആർ കോൺഗ്രസിന്.
ശർമിള 3112 കിലോമീറ്റർ പദയാത്രയ്ക്കിറങ്ങി. വൈഎസ്ആറിനെ അനുസ്മരിപ്പിക്കും വിധമുള്ള അഭിവാദ്യത്തിലൂടെ ജനക്കൂട്ടത്തെ ഇളക്കിമറിച്ച ശർമിള നൂറ്റൻപതോളം പൊതുസമ്മേളനങ്ങളിൽ പ്രസംഗിച്ചും വിവിധ സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തിയും ജനപ്രീതി നേടി. എന്നാൽ, ഒന്നരവർഷത്തെ ജയിൽവാസത്തിനു ശേഷം 2013 സെപ്റ്റംബറിൽ ജഗൻ ജാമ്യത്തിലിറങ്ങിയതോടെ ശർമിള വീണ്ടും വീടിനുള്ളിലൊതുങ്ങി. പിന്നീട് ശർമിള വാർത്തകളിൽ നിറഞ്ഞത് 2019ലാണ്; നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വൈഎസ്ആർ കോൺഗ്രസിന്റെ പ്രചാരണത്തിനായി നടത്തിയ 11 ദിവസത്തെ ‘ബൈ ബൈ ബാബു’ ബസ് യാത്രയിലൂടെ. അന്നത്തെ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടെന്നു സൂചിപ്പിക്കാൻ ബസിൽ കൗണ്ട്ഡൗൺ ക്ലോക്ക് സ്ഥാപിച്ചായിരുന്നു യാത്ര. ഫലം വന്നപ്പോൾ വൈഎസ്ആർ കോൺഗ്രസിനു മിന്നും ജയം.
പിന്നീട് വല്യ ബഹളങ്ങൾ ഇല്ലാതെ നീങ്ങുന്നതിനിടെ, തെലങ്കാനയ്ക്കുവേണ്ടി എന്തും ചെയ്യാൻ ഒരുക്കമാണെന്ന് ശർമിള കഴിഞ്ഞയാഴ്ച ട്വിറ്ററിൽ കുറിച്ചു. ഒപ്പം, ഖമ്മത്തു നടത്തിയ പ്രസംഗത്തിന്റെ വിഡിയോയും ഷെയർ ചെയ്തു. ‘തെലങ്കാനയ്ക്കുവേണ്ടി നിലകൊള്ളാനും തെലങ്കാനയ്ക്കു നീതി നിഷേധിക്കുന്ന പദ്ധതികളെ എതിർക്കാനും ഞാനുണ്ടാകുമോ എന്നു ചിലർക്കു സംശയം കാണും. തെലങ്കാനയോട് അനീതി കാട്ടുന്ന എന്തിനെയും എതിർക്കുമെന്ന് രാജണ്ണയുടെ മകൾ ഉറപ്പുനൽകുന്നു’– എന്നായിരുന്നു പ്രസംഗത്തിന്റെ രത്നച്ചുരുക്കം.
തെലങ്കാനയാണു ലക്ഷ്യമെങ്കിലും ശർമിളയുടെ നീക്കങ്ങളിൽ ജഗൻ അപകടം മണക്കുന്നു. ശർമിളയുടെ നിലപാട് ജഗനെതിരെ ആന്ധ്രയിൽ പ്രതിപക്ഷം ആളിക്കത്തിക്കുമെന്ന് ഉറപ്പാണ്. വൈഎസ്ആർ കോൺഗ്രസിൽ താൻ കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയുള്ള ഷർമിള പാർട്ടി വിടുന്നതും ജഗനെ അസ്വസ്ഥനാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, വരുന്ന നവംബറിൽ നടത്തുന്ന പദയാത്രയിലൂടെ തെലങ്കാനയുടെ മണ്ണിൽ കാലുറപ്പിക്കാമെന്നാണ് ശർമിളയുടെ പ്രതീക്ഷ. അവിഭക്ത ആന്ധ്രയിൽ വൈഎസ്ആർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ ജനം ‘രാജണ്ണ’യുടെ മകളെ ചേർത്തുപിടിക്കുമെന്നും ശർമിള കരുതുന്നു.
കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ശർമിള ഹൈദരാബാദ് ലോട്ടസ് പോണ്ടിലെ വീട്ടിൽ തെലങ്കാനയിൽനിന്നുള്ള അനുയായികളെ വിളിച്ചുകൂട്ടി രാഷ്ട്രീയമോഹം വെളിപ്പെടുത്തിയത്. 2014ൽ ആന്ധ്രയും തെലങ്കാനയുമായി സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം പ്രവർത്തിക്കാൻ അവസരമില്ലാതെ ഒതുങ്ങിക്കഴിയുകയായിരുന്ന തെലങ്കാനയിലെ വൈഎസ്ആർ അനുയായികൾ ശർമിളയുടെ നീക്കത്തെ ആവേശത്തോടെയാണു കാണുന്നത്. തെലങ്കാനയിൽ പേരിനു മാത്രം പ്രവർത്തിക്കുന്ന വൈഎസ്ആർ കോൺഗ്രസിന്റെ അണികളെ പുതിയ പാർട്ടിയിലേക്ക് ആകർഷിക്കാമെന്നും ശർമിള കരുതുന്നു.
വൈഎസ്ആർ തെലങ്കാന പാർട്ടി എന്ന പേരിൽ കക്ഷി റജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മിഷനിൽ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, ബിജെപിയുടെ ‘ബി ടീം’ ആണ് ശർമിളയും സംഘവുമെന്ന ആരോപണവുമുയരുന്നുണ്ട്. കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെയും കോൺഗ്രസിന്റെയും വോട്ടിൽ വിള്ളൽ വീഴ്ത്തി ബിജെപിക്കു വഴിയൊരുക്കാൻ ശർമിളയെ ഇറക്കിയെന്നാണ് ആരോപണം.