ന്യൂഡല്‍ഹി:രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടന ഇന്ന്. വൈകുന്നേരം അഞ്ചരയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പുനഃസംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ മതസാമുദായിക വിഭാഗങ്ങള്‍ക്കും തുല്യപ്രാധാന്യം ലഭിച്ചേക്കും.ഇതോടെ നിലവിലെ മന്ത്രിസഭയുടെ അംഗബലം 81 ആകും.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഏറക്കുറേ ഉറപ്പാണ്. അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, എല്‍.ജെ.പി. വിമത വിഭാഗം നേതാവ് പശുപതി പരസ്, യു.പിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം പങ്കജ് ചൗധരി, റീത്താ ബഹുഗുണ ജോഷി, വരുണ്‍ ഗാന്ധി, രാഹുല്‍ കശ്വാന്‍, സി.പി. ജോഷി എന്നിവരാണ് ഡല്‍ഹിയില്‍ എത്തിയത്. ജെ.ഡി.യു. എംപിമാരായ ആര്‍.സി.പി.സിങ്, ലല്ലന്‍ സിങ് എന്നിവരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
അതേസമയം പ്രവര്‍ത്തന മികവ് മാനദണ്ഡമാക്കിയതിലൂടെ നിലവിലെ മന്ത്രിമാരില്‍ ചിലര്‍ പുറത്താകുമെന്നാണ് വിവരം. അതേ സമയം പുനഃസംഘടനക്ക് മുന്നോടിയായി ഒരു മന്ത്രാലയം കൂടി മോദി സർക്കാർ രൂപീകരിച്ചു. സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കാൻ സഹകരണ മന്ത്രാലയമാണ് രൂപീകരിച്ചത്.