ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ഇക്കുറി അര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങി. രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്‍റീന തോല്‍പിച്ചതോടെയാണിത്. ഗോളി എമിലിയാനോ മാര്‍ട്ടിനസിന്‍റെ മൂന്ന് തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്‍റീനക്ക് ജയം സമ്മാനിച്ചത്. നിശ്ചിതസമയത്ത് ഇരു ടീമും 1-1ന് സമനിലയിലായിരുന്നു. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബ്രസീല്‍ കലാശപ്പോരിന് കഴിഞ്ഞ ദിവസം യോഗ്യത നേടിയത്.
ഏഴാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ലോ സെല്‍സോ ബോക്‌സിലേക്ക് നല്‍കിയ ഒരു ത്രൂബോളില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് സ്വീകരിച്ച മെസ്സി ബോക്‌സില്‍ വെച്ച് കൊളംബിയന്‍ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് നല്‍കിയ പാസ് ലൗറ്റാരോ മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.
നാലാം മിനിറ്റില്‍ തന്നെ അര്‍ജന്റീന ഗോളിനടുത്തെത്തിയിരുന്നു. മെസ്സിയും ലൗറ്റാരോ മാര്‍ട്ടിനെസും തന്നെയായിരുന്നു ഈ മുന്നേറ്റത്തിനു പിന്നില്‍. മെസ്സിയുടെ പാസില്‍ നിന്നുള്ള ലൗറ്റാരോ മാര്‍ട്ടിനെസിന്റെ ഹെഡര്‍ പുറത്തേക്ക് പോകുകയായിരുന്നു.എന്നാല്‍ ഗോള്‍ വീണതിനു തൊട്ടുപിന്നാലെ കൊളംബിയയും ഗോളിനടുത്തെത്തി. എന്നാല്‍ ക്വഡ്രാഡോയുടെ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തടയുകയായിരുന്നു. പിന്നാലെ കൊളംബിയ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു.
മത്സരത്തിന്‍റെ 90-ാം മിനുറ്റില്‍ ബോക്സിന് പുറത്തുനിന്നുള്ള മെസിയുടെ കിക്ക് കൊളംബിയ പ്രതിരോധിച്ചപ്പോള്‍ കൗണ്ടറിനുള്ള ശ്രമത്തിനിടെ കൊളംബിയന്‍ താരം ഡയസിനെ ഫൗള്‍ ചെയ്തതിന് പെസ്സെല്ല മഞ്ഞക്കാര്‍ഡ് കണ്ടു.
നാല് മിനുറ്റ് അധികസമയവും ഇരു ടീമിനും മുതലാക്കാന്‍ കഴിയാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ മൂന്ന് തകര്‍പ്പന്‍ സേവുകളുമായി എമിലിയാനോ മാര്‍ട്ടിനസ് അര്‍ജന്‍റീനയുടെ വിജയശില്‍പിയായി. ഞായറാഴ്‌ച ഇന്ത്യന്‍സമയം പുലര്‍ച്ചെ 5.30നാണ് അര്‍ജന്‍റീന-ബ്രസീല്‍ സ്വപ്നഫൈനലിന് കിക്കോഫാവുക.