ന്യൂഡല്‍ഹി: ഭീമ കൊറോഗാവ് കേസില്‍ ജയിലില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കണമെന്ന് രാഷ്ട്രപതിക്ക് പ്രതിപക്ഷ കക്ഷിനേതാക്കളുടെ കത്ത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി എന്നിവരുള്‍പ്പെടെ പ്രതിപക്ഷ നേതാക്കളെല്ലാം ചേര്‍ന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരിക്കുന്നത്.
ഭീമ കൊറേഗാവ് കേസിലും രാഷ്ട്രീയ പ്രേരിതമായ മറ്റ് കേസുകളിലും അകപ്പെട്ട് യുഎപിഎ, രാജ്യദ്രോഹം എന്നിവ ചുമത്തി ജയിലിലടച്ചിരിക്കുന്നവരെ ജയില്‍മോചിതരാക്കണമെന്നാണ് കത്തിലെ ആവശ്യം. ഭീമ കൊറേഗാവ് കേസില്‍ തടവിലായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ കത്ത്. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ കള്ളക്കേസ് ചുമത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഭീമാ കൊറെഗാവ് കേസില്‍ വിചാരണ കാത്ത് കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി (84) ചൊവ്വാഴ്ചയാണ് കസ്റ്റഡിയില്‍ മരിച്ചത്. ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കിയ ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അന്ത്യം.
















