ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നാളെയുണ്ടാകുമെന്ന് സൂചന. പുന:സംഘടനയെ കുറിച്ച് ഏറെ നാളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാള്‍ എം പിമാരായ ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജെഡിയു നേതാവ് ആര്‍സിപി സിംഗ് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി എന്നിവര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പുതിയ മന്ത്രിമാരുടെ പട്ടിക ഉടന്‍ പുറത്തുവരും. പിന്നീട് നാളെ വൈകുന്നേരത്തോടെ സത്യപ്രതിജ്ഞയുമുണ്ടാകുമെന്നാണ് സൂചനകള്‍.
അതേസമയം, രാജ്യത്തെ 8 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണമാരെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനമിറക്കി. ഗോവ ,ഹരിയാന, മിസോറാം, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക,ഹിമാചല്‍ പ്രദേശ്, , ത്രിപുര, സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. പി സ് ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ചു. ഡോ. കംബംപട്ടി ഹരിബാബു ആയിരിക്കും പുതിയ മിസോറം ഗവര്‍ണര്‍.കേന്ദ്ര സാമൂഹിക നീതി മന്ത്രി താവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറാക്കി. കേന്ദ്രമന്ത്രിസഭാ വികസനം രണ്ടു ദിവസങ്ങള്‍ക്കകമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണിത്. ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി.
ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹരിയാന ഗവര്‍ണര്‍. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആണ് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍. ജാര്‍ഖണ്ഡ് ഗവര്‍ണറായി ത്രിപുര ഗവര്‍ണര്‍ രമേശ് ബായിസിനെ നിയമിച്ചു. മംഗുഭായ് ഛഗന്‍ഭായ് പട്ടേല്‍ ആണ് മധ്യപ്രദേശിലെ പുതിയ ഗവര്‍ണര്‍.