തിരുവനന്തപുരം: നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിൽ കെ എം മാണി എന്ന പേര് പറഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് കൺവീനറും ആക്ടിംഗ് സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവൻ. സർക്കാരിന്‍റെ അഴിമതിക്കെതിരെയാണ് സമരമെന്നാണ് കോടതിയിൽ പറഞ്ഞതെന്നും, ബാക്കിയെല്ലാം മാധ്യമങ്ങൾ വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്‍റെ അഴിമതിക്കെതിരായിരുന്നു സമരം. വ്യക്തിപരമായി കെ എം മാണി അഴിമതി നടത്തിയിട്ടില്ല എന്ന് വിജിലൻസും കണ്ടെത്തിയതാണ് എന്നും വിജയരാഘവൻ പറഞ്ഞു. കോടതിയിൽ നടന്ന കാര്യങ്ങളെ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. മാധ്യമങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം വാർത്തകളിൽ പ്രതിഫലിക്കും. വാർത്താ നിർമാണ വിദഗ്ധർ കൂടി മാധ്യമപ്രവർത്തകരുടെ കൂട്ടത്തിലുണ്ടെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
കെ.എം മാണി കേരളത്തിൽ ദീർഘകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ്. അദ്ദേഹം അനുഭവ സമ്പത്തുള്ള പൊതുപ്രവർത്തകനായിരുന്നു. ബാർ കോഴ വിഷയവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണങ്ങൾ നടന്നതാണ്. ഉയർന്നു വന്ന വിഷയങ്ങളിൽ കെ. എം മാണിക്ക് വ്യക്തിപരമായി ഉത്തരവാദിത്തമില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ഇടതുമുന്നണിയിലെ പ്രധാന ഘടക കക്ഷിയാണ് കേരള കോൺഗ്രസ് എം. മുന്നണിയിൽ നല്ല നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. പരസ്പര ബഹുമാനത്തോടു കൂടിയാണ് ഇടതു മുന്നണിയിലെ ഘടക കക്ഷികൾ മുന്നോട്ടു പോകുന്നത്. സ്വാഭാവികമായും ആശയക്കുഴപ്പമുണ്ടാക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ, അന്നത്തെ ധനമന്ത്രിക്കെതിരായ അഴിമതിയാരോപണത്തിനെതിരെയാണ് സമരം നടത്തിയതെന്നാണ് സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത് കുമാർ കോടതിയിൽ പറഞ്ഞത്. അത് കെ എം മാണി തന്നെയാണ്. അകപ്പെട്ട വിഷമസന്ധിയിൽ സമവായമെങ്ങനെ നടപ്പാക്കാമെന്ന ചർച്ചയും ഇന്നത്തെ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടാകും.
മുന്നണിയിൽ ഇനിയും നിൽക്കണോ എന്ന് ജോസ് കെ മാണി പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്ന് മോൻസ് ജോസഫ് എംഎൽഎ ഇതിനിടെ വ്യക്തമാക്കി. യുഡിഎഫ് നേതാക്കളാണ് പ്രധാനമായും വളരെ വികാരപരമായി ഈ പ്രശ്നത്തിൽ പ്രതികരണം നടത്തുന്നത്. അധികാരമാണോ ആത്മാഭിമാനമാണോ വലുതെന്ന് ജോസ് കെ മാണി തന്നെ പറയട്ടെ എന്നാണ് മോൻസ് ജോസഫ് പറയുന്നത്.