കൊച്ചി: കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാർക്ക് സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ് . മിമിക്രി കലാകാരന്മാരുടെ സംഘടനയായ മാ യുടെ കുടുംബംഗങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്താണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി രംഗത്തെത്തിയത്. മുന്നൂറിലധികം മിമിക്രി കലാകാരന്മാർ ഉൾപ്പെടുന്ന സംഘടനയിലെ കുടുംബാംഗങ്ങൾക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.
കോവിഡും മൂലം കഴിഞ്ഞ മൂന്നു-നാല് വർഷങ്ങൾ ആയി സ്റ്റേജ് പ്രോഗ്രാമുകൾ നഷ്ടപ്പെട്ട സാഹചര്യമാണ് ഉള്ളത്. തുടർന്ന് മിമിക്രി ആക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ലുലു ഗ്രൂപ്പ് ചെയർമാന് നിവേദനം നൽകിയതോടെയാണ് എം.എ യൂസഫലി വിഷയത്തിൽ ഇടപെടൽ നടത്തിയത്. കൊച്ചി ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ.ബി സ്വരാജിൽ നിന്ന് ഭക്ഷ്യകിറ്റുകൾ മാ പ്രസിഡന്റും നടനുമായ നാദിർഷാ, സെക്രട്ടറിയും മുതിർന്ന മിമിക്രി കലാകാരനുമായ കെ.എസ്.പ്രസാദ് എന്നിവർ ഏറ്റുവാങ്ങി. പാഷാണം ഷാജി , ടിനി ടോം, ഹരിശ്രീ മാർട്ടിൻ, കോട്ടയം നസീർ, കലാഭവൻ ജോഷി, കലാഭവൻ നവാസ്, കലാഭവൻ പ്രജോദ്, കലാഭവൻ ഷാജോൺ, വിനോദ് കെടാമംഗലം, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.