മുംബൈ:മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദർ സ്റ്റാന്‍ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഈശോ സഭ. ഇന്നലെ ബോംബെ ഹൈക്കോടതി തന്നെ ജുഡീഷ്യൽ അന്വേഷണം അനുവദിക്കാനുള്ള സാധ്യതകൾ വാദത്തിനിടെ സൂചിപ്പിച്ചിരുന്നു. സ്റ്റാൻ സ്വാമിയുടെ മരണം അന്താരാഷ്ട്ര തലത്തിലും ചർച്ചയാവുകയാണ്. ഗാർഡിയനടക്കം മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടേയും യൂറോപ്യൻ യൂണിയന്‍റേയും മനുഷ്യാവകാശ വിഭാഗം പ്രതിനിധികൾ നടുക്കം രേഖപ്പെടുത്തി.
അതേസമയം ഫാദർ സ്റ്റാൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനൽകും. അതിനായി ചികിത്സയിലിരുന്ന ഹോളി ഫാമിലി ആശുപത്രിയിൽ നിന്ന് മൃതദേഹം സർക്കാർ ആശുപത്രിയായ ജെജെയിലേക്ക് മാറ്റി. മുംബൈയിൽ തന്നെയാണ് സംസ്കാരം. കൊവിഡ് പ്രോട്ടോകോൾ പ്രകാരം ആണ് ചടങ്ങുകൾ.