മുംബൈ: വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. 83 വയസ്സായിരുന്നു. ഭീമ കൊറേഗാവ് കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്റ്റാന്‍ സ്വാമിക്ക് മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ രാജ്യദ്രോഹ കുറ്റം ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മുംബൈ ഹൈക്കോടതിയെ മരണവിവരം അറിയിച്ചത്. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം ഞെട്ടലുണ്ടാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു.
അതേസമയം, നാഡിവ്യൂഹത്തെ ബാധിക്കുന്ന പാര്‍ക്കിസാന്‍സ് രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലില്‍ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹം മുംബൈ ഹോളി ഫെയ്ത്ത് ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്. അഞ്ചു പതിറ്റാണ്ട് ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ആളാണ് സ്റ്റാന്‍ സ്വാമി. ജസ്യുട് സഭയില്‍ പെട്ട അദ്ദേഹം മറ്റ് മന്യഷ്യാവകാശ പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്നു.