ന്യൂഡൽഹി; വിവരസാങ്കേതിക (ഐടി) നിയമത്തിലെ റദ്ദാക്കിയ 6എ വകുപ്പ് ഉപയോഗിച്ച് പൊലീസ് കേസെടുത്തെന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീംകോടതി.പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.66എ വകുപ്പ് റദ്ദാക്കിയിട്ടും രാജ്യമെമ്പാടുമായി ആയിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് പരീഖ് കോടതിയെ അറിയിച്ചു.
“ആശ്ചര്യം. അതല്ലാതെ മറ്റൊന്നും പറയാനാവുന്നില്ല. 2015ലായിരുന്നു 66എ റദ്ദാക്കിയ ശ്രേയ സിംഗാള്‍ കേസിലെ വിധി. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണിത്. കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കുകയാണ്” -ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.
വെബ്‌സൈറ്റുകളിലൂടെയോ സമൂഹമാധ്യമങ്ങളിലൂടെയോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് അറസ്‌റ്റ് ചെയ്യാൻ അനുമതി നൽകുന്ന, ഐടി നിയമത്തിലെ 66 എ വകുപ്പും കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പുമാണ് 2015 മാർച്ചിൽ സുപ്രീം കോടതി റദ്ദാക്കിയത്. ഈ വകുപ്പുകൾ അഭിപ്രായ സ്വാതന്ത്യ്രത്തിനു മേലുള്ള കടന്നുകയറ്റവും അവ്യക്‌തവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു കോടതി വിലയിരുത്തൽ.