നിയമസഭ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയിൽ. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീൽ കോടതി പരിഗണിക്കും. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുത് എന്നുമാണ് സർക്കാരിന്റെ ആവശ്യം.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിയമസഭ കയ്യാങ്കളി കേസ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരും, പ്രതിപ്പട്ടികയിലുള്ള മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രി ഇപി ജയരാജൻ, മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ കെടി ജലീൽ, മുൻ എംഎൽഎമാരായ സികെ സദാശിവൻ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരുമാണ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചത്.