തിരുവനന്തപുരം: വാഹനം കിട്ടാതെ പരീക്ഷക്ക് സ്കൂളിൽ എത്തിച്ചേരാനാകാതെ വഴിയോരത്ത് കാത്തുനിന്ന ഹയർസെക്കൻഡറി വിദ്യാർത്ഥികളെ സ്വന്തം വാഹനത്തിൽ പരീക്ഷാഹാളിൽ എത്തിച്ച് ശൂരനാട് പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ മഞ്ജു വി നായർ.
പരീക്ഷ എഴുതാൻ ഉള്ള യാത്രയിൽ വാഹനം കിട്ടാതെ റോഡരികിൽനിന്ന ശൂരനാട് ഗവൺമെൻറ് സ്കൂളിലെ വിദ്യാർത്ഥികളായ ഇജാസ്, അഭിരാം എന്നിവരെയാണ് വനിതാ എസ് ഐ മഞ്ജു തന്റെ സ്വകാര്യ വാഹനത്തിൽ പരീക്ഷകേന്ദ്രത്തിൽ എത്തിച്ചത്. 11 മണിക്കുള്ള കണക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയ്ക്കായി പത്തു മണി മുതൽ കൊല്ലം-തേനി പാതയിൽ താമരകുളത്തു ബസ് കാത്തു നിന്നെങ്കിലും വാഹനം കിട്ടിയില്ല. നിരവധി ഇരുചക്രവാഹനങ്ങൾക്ക് കൈ കാണിച്ചു പുറകെ ഓടിയെങ്കിലും കോവിഡ് ഭീതിയുള്ളതിനാൽ ആരും വാഹനം നിർത്താൻ തയ്യാറായില്ല. ഈ സമയത്താണ് താമരക്കുളം സ്വദേശിയായ മഞ്ജു ഡ്യൂട്ടിക്ക് പോകാനായി അതുവഴി വന്നത്.
വാഹനത്തിന് കൈകാണിച്ചപ്പോൾ എസ് ഐ വാഹനം നിർത്തി. യൂണിഫോംധാരിയായ എസ്.ഐ യെകണ്ടപ്പോൾ കയറാൻ മടിച്ച ഇരുവരോടും കാര്യങ്ങൾ തിരക്കുകയും വാഹനത്തിൽ കയറ്റി പരീക്ഷാഹാളിൽ എത്തിക്കുകയുമായിരുന്നു.
പിന്നീട് എസ്. ഐയോടൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചു വിദ്യാർത്ഥികൾ നന്ദി അറിയിച്ചു.
വിദ്യാര്ഥിയായ ഇജാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാൻ ഇജാസ് ..
ശൂരനാട് ഹയർ സെക്കന്ററി സ്കൂളിൽ +2 ന് പഠിക്കുന്നു .ഇന്ന് ഞങ്ങൾക്ക് MATHS പ്രാക്ടിക്കൽ എക്സാം ആയിരുന്നു. 11 മണിക്ക് ആയിരുന്നു എക്സാം ഞാനും എന്റെ കൂട്ടുകാരൻ Abhiram ന്റെ കൂടെ പരീക്ഷയ്ക്ക് പോകാനായി രാവിലെ 10മണി മുതൽ താമരക്കുളം ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുക ആയിരുന്നു. കുറേ സമയം ബസ് കാത്തുനിന്നിട്ടും ഒന്നും കാണാതെ വിഷമിച്ചു .ഓരോ ബൈക്കും കാറും പോകുമ്പോളും കൈ കാണിച്ചു. കൊറോണ കാരണം ആയിരിക്കും ആരും വണ്ടി നിർത്തിയില്ല. നടന്നു പോകുന്ന വഴിയിൽ വച്ചു പിന്നോട്ട് തിരിഞ്ഞു നോക്കി ഞങ്ങൾ കൈ കാണിച്ചു കൊണ്ടേ ഇരുന്നു. 10:45 മണിയായി ആരും വണ്ടി നിർത്തിയില്ല ഏതായാലും ഞങ്കൾ 11:00മണിയുടെ പരീക്ഷയ്ക്ക് എത്തില്ല എന്ന് ഉറപ്പിച്ചു. ഏതാണ്ട് ഒരു മീറ്റർ നടന്നു കാണും ഇനി 10 കിലോമീറ്ററോളം ഉണ്ട്. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ നടന്നു പോയപ്പോൾ അടുത്ത് വന്ന ഒരു നീല കാറിന് കൈ കാണിച്ചു . ഒരു പ്രതീക്ഷയും ഇല്ലാതെയാണ് കൈ കാണിച്ചത്. പക്ഷെ ഞങ്ങളെ അതിശയപെടുത്തികൊണ്ട് ആ കാർ അവിടെ നിർത്തി. ഞങ്ങൾ കാറിന്റെ അടുത്തേക് ഓടിച്ചെന്നു.ഡോർ തുറന്നപ്പോൾ ശെരിക്കും ഞെട്ടി. പോലീസ് യൂണിഫോം ഇട്ട ഒരു chechi കേറണോ വേണ്ടയോ എന്ന് ഒരിക്കൽ കുടി ചിന്തിച്ചു .വാ കേറടാ മക്കളെ എന്ന് കേട്ടപ്പോൾ ധൈര്യം ആയി കേറി.തോളിൽ രണ്ടു സ്റ്റാർ ഉണ്ടായിരുന്നു. അപ്പോൾ SI ആണെന്നു ഞങ്കൾ മനസ്സിൽ ആയി. പിന്നെ കുറെ നേരം ഞങ്ങളോട് ഫ്രീ ആയി സംസാരിച്ചു. രാവിലെ എന്തോ ആവിശ്യം ഉള്ളത് കൊണ്ട് താമസിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത് എന്ന് പറഞ്ഞു. എന്നാൽ ചക്കുവള്ളിക്ക് പോകുന്ന വഴി ഞങ്ങളെ കണ്ണമം ജംഗ്ഷനിൽ ഇറക്കിയാൽ മതിയെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും ബാക്കി രണ്ടു കിലോമീറ്റർ നിങ്ങൾ എങ്ങനെ പോകും ? പരീക്ഷയ്ക്ക് സമയം ആയെന്നു പറഞ്ഞു ഞങ്ങളെ സ്കൂളിന്റെ ഗേറ്റിന് മുമ്പിൽ കൊണ്ട് ചെന്ന് വിട്ടു. …
അതുവരെ ഞങ്ങൾക്ക് പോലീസിനോട് ഉണ്ടായിരുന്ന ഭയം ബഹുമാനം ആയി മാറി `SI´ സർ നല്ല തിരക്കിൽ ആയിരുന്നു എന്ന് ഇടയ്ക്ക്- ഇടയ്ക്ക് വന്ന ഫോൺ കോളിൽ നിന്നും ഞങ്ങൾക്ക് മനസ്സിൽ ആയി. ദാ എത്തി എന്ന് ഫോണിൽ പറയുന്നുണ്ടായിരുന്നു എങ്കിലും ആ തിരക്കിന് ഇടക്ക് സമയം കണ്ടെത്തി സ്കൂളിൽ കൊണ്ട് വിടാൻ കാണിച്ച മനസിന് നന്ദി. ചക്കുവള്ളി `SI Manju Nair´ മാഡം നന്ദി.