ലണ്ടന്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ മിന്നും താരമാണ് സ്മൃതി മന്ദാന. ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ നാട്ടലീ സൈവറെ പുറത്താക്കാന്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ക്യാച്ചെടുത്തിരിക്കുകയാണ് മന്ദാന. വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കേയാണ് മന്ദാനയുടെ വണ്ടര്‍ ക്യാച്ചില്‍ നാട്ടലീ സൈവര്‍ പുറത്താവുന്നത്. ഇന്നിംഗ്‌സിലെ 38-ാം ഓവറില്‍ ഓഫ് സ്പിന്നര്‍ ദീപ്തി ശര്‍മ്മയെ ബൗണ്ടറി പറത്തി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാനായിരുന്നു നാട്ടലീയുടെ ശ്രമം. എന്നാല്‍ നാട്ടലീയുടെ പദ്ധതികളെല്ലാം തകര്‍ത്ത മന്ദാന തന്റെ ഇടത്തേക്കോടി ബൗണ്ടറിക്കരികെ മുഴുനീള ഡൈവിംഗിലൂടെ പന്ത് പിടിക്കുകയായിരുന്നു. ഇതോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യ 47 ഓവറില്‍ 219 റണ്‍സെടുത്ത് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി. 59 പന്തില്‍ നിന്ന് നാട്ടലീ 49 റണ്‍സാണ് നേടിയത്.
ഇംഗ്ലണ്ട് വനിതകള്‍ മുന്നോട്ടുവച്ച 220 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യന്‍ വനിതകള്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ അര്‍ദ്ധ സെഞ്ചുറിക്കരുത്തില്‍ 46.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ജയത്തിലെത്തി. മിതാലി 86 പന്തില്‍ പുറത്താകാതെ 75 റണ്‍സെടുത്തു. ബാറ്റിംഗിലും തിളങ്ങിയ സ്മൃതി മന്ദാന 57 പന്തില്‍ 49 റണ്‍സ് നേടി. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
Catch of the summer, already?!#SmritiMandhana #ENGvIND pic.twitter.com/rnvDLeAnIB
— Women’s CricZone (@WomensCricZone) July 3, 2021