കൊല്ലം: കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഊഴായിക്കോട്ട് കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അനന്തു എന്ന പേരില്‍ ആത്മഹത്യ ചെയ്ത ഗ്രീഷ്മയാണ് രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസിന് വിവരം നല്‍കിയ യുവാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി കോടതിയെ സമീപിക്കും. കൂടാതെ കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കുട്ടിയുടെ അമ്മ രേഷ്മയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം, സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പിരിശോധനയില്‍ ഗ്രീഷ്മക്ക് കൂടുതല്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിരുന്നു. കുട്ടിയെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി രേഷ്മയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഭാഗമായി പ്രദേശവാസികളായ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും, കോവിഡ് ബാധിതയായ രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.