ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇനിയെങ്കിലും ജെപിസി അന്വേഷണത്തിന് പ്രധാനമന്ത്രി തയ്യാറാകുമോയെന്നും സുര്‍ജേവാല ചോദിച്ചു.
ഫ്രാന്‍സില്‍നിന്ന് ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളില്‍ ഫ്രഞ്ച് സർക്കാർ ജൂഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയെ നിയോഗിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. കരാറിനെക്കുറിച്ച് ജൂണ്‍ 14 ന് തന്നെ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.
അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാന്‍ ഏകവഴി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നിട്ടിറങ്ങി അന്വേഷണത്തിന് ഉത്തരവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
56000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 37 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇടപാടിലെ അഴിമതിയും പക്ഷപാതവും ആരോപിച്ച് ജൂഡീഷ്യല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ഒരു ജഡ്ജിയെ നിയോഗിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.