തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. കോവിഡ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ച 135 പേരുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്. മരിച്ചയാളുടെ ജില്ല, പേര്, സ്ഥലം, വയസ്, ജെൻഡർ, മരണ ദിവസം എന്നീ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡി.എച്ച്.എസ് വെബ്സൈറ്റിൽ ജില്ലയുടെ അടിസ്ഥാനത്തിലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസ്സും സ്ഥലവുമടങ്ങുന്ന വിവരങ്ങൾ നൽകിയിരിക്കുന്നത്. ഇന്നത്തെ കോവിഡ് ബുള്ളറ്റിൻ മുതലാണ് പുതിയ ക്രമീകരണം. തുടക്കത്തിൽ പേരുകൾ പുറത്തു വിട്ടിരുന്നെങ്കിലും വിവാദമായതോടെ 2020 ഡിസംബർ മുതലാണ് പേരുകൾ ഉൾപ്പെടുത്താതായത്.
കോവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. മരണക്കണക്ക് സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കോവിഡ് മരണങ്ങള്‍ കണക്കാക്കുന്നതില്‍ ഐ.സി.എം.ആര്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.