ന്യൂ ഡല്‍ഹി: സൗജന്യ റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രം പതിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി സൗജന്യ റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ ബാനര്‍ പ്രദര്‍ശിപ്പിക്കാനാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ബാഗുകളില്‍ ബി.ജെ.പിയുടെ ചിഹ്‌നമായ താമര പതിക്കണമെന്നും പാര്‍ട്ടി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, കോവിഡ് രണ്ടാംതരംഗത്തില്‍ ദരിദ്ര വിഭാഗങ്ങള്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ആനുകൂല്യം നീട്ടിയിരുന്നു. ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ പരിധിയില്‍ വരുന്ന 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് മാസം അഞ്ചുകിലോ ഭക്ഷ്യധാന്യം പദ്ധതി വഴി ലഭിക്കും. നവംബര്‍ വരെയാണ് പദ്ധതി നീട്ടിയത്. കൂടാതെ,റേഷന്‍ കടകളില്‍നിന്ന് ലഭിക്കുന്ന ബാഗില്‍ താമര ചിഹ്‌നം പതിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും മറ്റു ബി.ജെ.പി നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അല്ലാത്തവയിലും സഞ്ചിയില്‍ ബി.ജെ.പി ചിഹ്‌നം പതിക്കാനാണ് ആഹ്വാനം.