കൊച്ചി;കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതികളുടെ പങ്ക് വെളിപ്പെടുത്തി ഷെഫീഖ്. സ്വര്‍ണക്കടത്തിന് പിന്നില്‍ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കി. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ മൊഴിയാണ് സ്വര്‍ണം ദുബൈയില്‍ നിന്ന് കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖ് കസ്റ്റംസിന് നല്‍കിയത്.
സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതിലെ ആശങ്ക അര്‍ജുനുമായി ഷെഫീഖ് പങ്കുവെച്ചു. അപ്പോഴാണ് ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ആണ് സ്വര്‍ണ്ണക്കടത്തിന് നേതൃത്വം നല്‍കുന്നതെന്ന് അര്‍ജുന്‍ തന്നോട് പറഞ്ഞതെന്നാണ് ഷെഫീഖിന്‍റെ മൊഴി. സ്വര്‍ണം പിടിച്ചാലും കൊടി സുനിയും ഷാഫിയും രക്ഷിക്കും എന്ന് അര്‍ജുന്‍ ആത്മവിശ്വാസം നല്‍കി. ഒത്തുതീര്‍പ്പിന് കൊടുവള്ളി സംഘവുമായി സംസാരിക്കുന്നത് കൊടി സുനിയും ഷാഫിയും ആയിരിക്കുമെന്നും അര്‍ജുന്‍ പറഞ്ഞതായും ഷെഫീഖിന്‍റെ മൊഴിയിലുണ്ട്.