തൃശൂര്‍: ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ വച്ചാണ് മരണം. സിനിമാ മേഖലയിൽ നിശ്ചല ഛായാഗ്രാഹകനായി ആരംഭിച്ച്, സംവിധാനം, നിർമ്മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആന്റണി ഈസ്റ്റ്മാൻ.
ഇണയെത്തേടി, വർണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയൽ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. സിൽക്ക് സ്മിത, സംഗീത സംവിധായകൻ ജോൺസൺ എന്നിവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് ആന്റണി ഈസ്റ്റ്മാന്റെ ഇണയെത്തേടി എന്ന സിനിമയിലൂടെയാണ്. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യൻ, തസ്‌ക്കരവീരൻ, ക്ലൈമാക്‌സ് എന്നീ ചിത്രങ്ങൾക്ക് കഥയെഴുതി.
പാർവ്വതീപരിണയം എന്ന ചിത്രത്തിന്റെ നിർമാതാവാണ്. അക്ഷരം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി. ഗീതം, രാരീരം, തമ്മിൽ തമ്മിൽ, രചന, രക്തമില്ലാത്ത മനുഷ്യൻ, സീമന്തിനി, അവൾ വിശ്വസ്തയായിരുന്നു, ഈ മനോഹര തീരം, വീട് ഒരു സ്വർഗ്ഗം, മണിമുഴക്കം എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിർവഹിച്ചു.