തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്ന് പരാതിയിൽ പറയുന്നു.ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസറാണ് പരാതി നൽകിയത്. ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഡാലോചന, മോഷണ കുറ്റങ്ങളും ചുമത്തി. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌പി ഷാനവാസ് കേസ് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെ ലാപ്‌ടോപിലെ വിവരങ്ങൾ ചോർന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
അതേസമയം വോട്ടര്‍ പട്ടിക രഹസ്യരേഖയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരുടെ ചിത്രം സഹിതമുള്ള വോട്ടര്‍പട്ടിക രജിസ്റ്റേര്‍ഡ് പാര്‍ട്ടികള്‍ക്കെല്ലാം നല്‍കുന്നുണ്ട്. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടിക, പബ്ലിക് ഡൊമെയ്‌നിലുള്ളതാണെന്നും, അതുകൊണ്ടു തന്നെ എന്ത് രഹസ്യമാണ് ചോര്‍ന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു.