ബംഗ്ലൂരു:അധ്യാപികയുടെ 2000 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് പരസ്യമായി ദേഹപരിശോധന നടത്തിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.കഴിഞ്ഞ മാർച്ച് 15 നു ആണ് കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിൽ അഞ്ചു വിദ്യാർത്ഥിനികളെ പരസ്യ പരിശോധന നടത്തിയത്.
പത്താം ക്ലാസ് വിദ്യാർത്ഥികളായ നാല് പേരെയും ഒരു എട്ടാം ക്ലാസ് വിദ്യാർത്ഥിയെയുമാണ് അധ്യാപിക മോഷണക്കുറ്റം ആരോപിക്കുകയും ദേഹ പരിശോധന നടത്തുകയും ചെയ്തത്. ഇതിനുശേഷം ഇവരെ സമീപത്തെ ക്ഷേത്രത്തിൽ കൊണ്ടുപോയി മോഷണം ചെയ്തില്ലെന്ന് സത്യം ചെയ്യിപ്പിച്ചു.
മോഷണക്കുറ്റം ആരോപിച്ചതിലും എല്ലാവരുടേയും മുന്നിൽ വെച്ചുണ്ടായ ദേഹപരിശോധനയിലും മനം നൊന്ത് വീട്ടിലെത്തിയ ഉടനെ വിദ്യാർഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു.സംഭവത്തിൽ അധ്യാപിക ജയശ്രീക്കെതിരെ ബാഗൽകോട്ട് റൂറൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.