ലണ്ടൻ: ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ ടീമെന്ന റെക്കോർഡ് ശ്രീലങ്കയുടെ പേരില്‍. 427 ഏകദിനങ്ങളിൽ തോറ്റ ഇന്ത്യയുടെ റെക്കോർഡാണ് ശ്രീലങ്ക മറികടന്നത്.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം തോറ്റതോടെയാണ് ശ്രീലങ്ക ഏകദിന ഫോർമാറ്റിൽ കൂടുതൽ തവണ തോറ്റ ടീമെന്ന റെക്കോർഡ് സ്വന്തമാക്കിയത്. ഏകദിനത്തിൽ ശ്രീലങ്കയുടെ 428ാം തോൽവിയാണിത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ തോൽവി വഴങ്ങിയ ടീമെന്ന നാണക്കേടിനു പുറമേ, ടി20യിൽ കൂടുതൽ മത്സരങ്ങൾ തോറ്റ ടീമും ശ്രീലങ്കയാണ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കു മുൻപ് ശ്രീലങ്ക ആകെ കളിച്ചത് 858 ഏകദിനങ്ങളായിരുന്നു. ഇതിൽ 390 മത്സരങ്ങളിൽ ജയിച്ചപ്പോൾ 426 മത്സരങ്ങൾ തോറ്റു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ ടീമുകളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ഒരേയൊരു മത്സരം മാത്രം പിന്നിലായിരുന്നു അവർ.
എന്നാൽ, ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ അവർ ഇന്ത്യയെ മറികടന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരവും തോറ്റതോടെ തോൽവിക്കണക്കിൽ അവർ ഇന്ത്യയേക്കാൾ മുന്നിലായി.
ഏകദിനത്തിൽ 427 തോൽവികളുമായി ശ്രീലങ്കയ്ക്കു തൊട്ടു പിന്നിലുണ്ടെങ്കിലും കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ ശ്രീലങ്കയേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഇതുവരെ കളിച്ച 993 ഏകദിനങ്ങളിൽനിന്നാണ് ഇന്ത്യൻ ടീം 427 തോൽവികൾ വഴങ്ങിയത്. ശ്രീലങ്കയേക്കാൾ 133 മത്സരങ്ങൾ കൂടുതലാണിത്. ഏകദിനത്തിൽ ശ്രീലങ്കയുടെ വിജയ ശതമാനം 47.69 ആണ്. ഇന്ത്യയുടേത് 54.67 ശതമാനവും. 414 മത്സരങ്ങൾ തോറ്റ പാകിസ്ഥാനാണ് മൂന്നാമത്.