കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച എല്ലാ കടകളും അടച്ചിടും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യാവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു.
ഒന്നരമാസത്തെ ലോക്ക് ഡൗണ്‍ വ്യാപാരികള്‍ക്ക് വന്‍ കടബാധ്യതയതായും, തൊഴിലിനൊപ്പം മുടക്കിയ പണവും നഷ്ടമായെന്നും വ്യാപാരികള്‍ പറയുന്നു. നിയന്ത്രിത സമയത്ത് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ഒന്നരമാസമായി കടകള്‍ അടഞ്ഞുകിടക്കുകയാണെന്നും നഷ്ടം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. കടകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വില്‍ക്കാന്‍ കഴിയാത്ത വിധം ഉപയോഗശൂന്യമായി മാറി. കടബാധ്യതയും, വാടക ബാധ്യതയും ക്രമാതീതമായി വര്‍ധിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന അവസ്ഥയിലാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.