തിരുവനന്തപുരം; അടിമലത്തുറയില്‍ നായയെ ചൂണ്ടയില്‍ കൊളുത്തി തല്ലിക്കൊന്ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി സ്വമേധയാ എടുത്ത കേസാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാരുടെ നിർദേശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത് .
ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെയാണ് മൂന്ന് കുട്ടികള്‍ അടങ്ങിയ സംഘം തല്ലിക്കൊന്നത്.സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയ ശേഷമാണ് ബ്രൂണോയെ അടിച്ചുകൊന്നത്.
സംഭവത്തില്‍ സുനില്‍, സില്‍വസ്റ്റര്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. സുനിലിന്റെ വള്ളത്തിന് അരികില്‍ ആണ് ബ്രൂണോ എന്ന നായ കിടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സുനില്‍ ഉടമകളുമായി വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയും സ്രാവിനെ പിടിക്കുന്ന ചൂണ്ട ഉപയോഗിച്ച് നായയെ കൊളുത്തി വലിച്ചിഴച്ചു. നാട്ടുകാര്‍ അന്ന് രക്ഷിച്ചെങ്കിലും കഴിഞ്ഞ ദിവസം നായയെ ഇവര്‍ ഇതേരീതിയില്‍ കൊല്ലുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന 17-കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നാണ് സംഭവം വിഴിഞ്ഞം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിഴിഞ്ഞം ഇന്‍സ്പെക്ടര്‍ ജി.രമേശ്, എസ്.ഐ. സി.ബി. രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടിമലത്തുറയില്‍ നിന്ന് മൂന്നംഗ സംഘത്തെ അറസ്റ്റുചെയ്യുകയായിരുന്നു.