തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വർക്കല ഇടവ സ്വദേശി മഹേഷ്(27) ആണ് പിടിയിലായത്. പരാതി നൽകി മണിക്കൂറുകൾക്കകം തന്നെ വർക്കല പോലീസ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ് ദ്വിജേഷ്, എസ് ഐ അനിൽകുമാർ,എ എസ് ഐ ജയപ്രസാദ് അൻസർ, ഷിറാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
മദ്യലഹരിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വിദേശ വനിതകളെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് വര്‍ക്കല പാപനാശം ബീച്ചിലാണ് സംഭവം ഉണ്ടായത്. ബീച്ചില്‍ രാത്രി നടക്കാനിറങ്ങിയതായിരുന്നു വിദേശ ടൂറിസ്റ്റുകള്‍. മദ്യപിച്ചെത്തിയ ഒരു സംഘം ഇവരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു.
വിദേശ വനിതകള്‍ ഇത് സംബന്ധിച്ച് വര്‍ക്കല പോലീസില്‍ പരാതി നല്‍കി. രണ്ടുപേര്‍ക്കും ഒപ്പം താമസിക്കുന്ന മുംബൈ സ്വദേശിനിക്ക് നേരെ കഴിഞ്ഞ ആഴ്ച സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു.