മുംബൈ: മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം പ്രസന്നൻ (73) അന്തരിച്ചു. മുംബൈയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജ്യത്തെ എക്കാലത്തേയും മികച്ച മിഡ്‍ഫീൽഡർമാരില്‍ ഒരാളായായിരുന്നു . കോഴിക്കോട് സ്വദേശിയാണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു.
കോഴിക്കോട് സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് 1963ല്‍ ജില്ലാ സ്‌കൂള്‍ ടീമിന്റെ ക്യാപ്റ്റനായി. കേരള ജൂനിയര്‍ ടീമിലും സീനിയര്‍ ടീമിലും കളിച്ചു. 1970ല്‍ ഗോവന്‍ ക്ലബ്ബായ ഡെംപോയിലൂടെയാണ് ദേശീയ ക്ലബ്ബ് ഫുട്‌ബോളിലേക്കുള്ള അരങ്ങേറ്റം. ഡെംപോയിലെ മികച്ച പ്രകടനം ദേശീയ ടീമിലേക്ക് വഴിയൊരുക്കി. കൊല്‍ക്കത്ത ക്ലബ്ബുകള്‍ക്ക് പകരം ബോംബെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തെരഞ്ഞെടുത്തു. ബാങ്ക് ടീം ഗോള്‍ഡ് കപ്പ്, നാഗ്ജി, റോവേഴ്‌സ് കപ്പ്, ചാക്കോള, ശ്രീനാരായണ ടൂര്‍ണമെന്റുകള്‍ കളിച്ചത് പ്രസന്നന്റെ ക്യാപ്റ്റന്‍സിയിലാണ്. ഗോവയ്ക്കും മഹാരാഷ്ട്രക്കും വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.