ന്യൂഡൽഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ദു രാഹുല്‍ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് സിദ്ദുവിന്റെ കൂടിക്കാഴ്ച. നേരത്തെ സിദ്ധു പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അമരീന്ദറുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് സിദ്ധു പറഞ്ഞിരുന്നെങ്കിലും നേരത്തെ രാഹുല്‍ അക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് സിദ്ധു പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ കലാപം ഉയര്‍ത്തി പാര്‍ട്ടി നേതാക്കളില്‍ പ്രധാനിയാണ് സിദ്ധു. ഇന്നലെയാണ് സിദ്ധുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ രാഹുലിനേയും പ്രിയങ്കയേയും ഇന്ന് കാണുമെന്ന് അറിയിച്ചിരുന്നത്. തുടര്‍ന്ന് ആരുമായും കൂടിക്കാഴ്ച ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്ന് രാഹുല്‍ അറിയിക്കുകയായിരുന്നു.
കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ സിദ്ദുവിനു പുതിയ ചുമതല നൽകി പ്രശ്നം ഒത്തും തീർപ്പാക്കാനാണു ശ്രമമെന്നും സിദ്ദു ഇതിനു സമ്മതം മൂളിയതുമായാണ് മാധ്യമ റിപ്പോർട്ടുകൾ. വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.