ന്യൂഡല്‍ഹി: കോവാക്‌സിനും കോവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ഈ വാക്‌സിനുകള്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്‌സിനുകള്‍ അംഗീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.
വാക്‌സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പര്‌സപരം സഹകരണത്തിന്റെ നയമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നയത്തില്‍ കോവിഷീല്‍ഡും കോവാക്‌സിനും ഉള്‍പ്പെട്ടിരുന്നില്ല. ഫൈസര്‍, മൊഡേണ, അസ്ട്രസെനക-ഓക്‌സ്ഫഡ്, ജോണ്‍സ് ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്‌സിനുകള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്.
അതേസമയം, അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നോവവാക്‌സ് വികസിപ്പിച്ചെടുത്ത കോവോവാക്‌സ് കോവിഡ് വാക്‌സിന്‍ സെപ്തംബറിനുള്ളില്‍ രാജ്യത്ത് ലഭ്യമായേക്കും. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാനിരിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്‌സിനാകും കോവോവാക്‌സ്. ഒരു ഡോളറിന് താഴെ മാത്രമേ ഇതിന് ചെലവ് വരുന്നുള്ളൂവെങ്കിലും വിതരണത്തിനെത്തുമ്പോള്‍ കോവിഷീല്‍ഡിനേക്കാള്‍ വിലയുണ്ടായിരിക്കുമെന്നാണ് കമ്പനി സി.ഇ.ഒ ഒരു അഭിമുഖത്തിനിടെ സൂചിപ്പച്ചിരിക്കുന്നത്.
കോവിഡിനെതിരെ 90 ശതമാനത്തിലധികമാണ് കോവോവാക്‌സ് ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളത്. അതേ സമയം ഡെല്‍റ്റ വകഭേദത്തിന് വാക്‌സിന്‍ എത്രത്തോളം ഫലപ്രാപ്തിയുണ്ടെന്നതിന് അധികൃതര്‍ ഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രാജ്യത്ത് നിലവില്‍ നാല് കോവിഡ് വാക്‌സിനുകള്‍ക്കാണ് അനുമതിയായത്. കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് എന്നിവക്ക് പുറമെ ഏറ്റവും ഒടുവിലായി മൊഡേണ വാക്‌സിനും കഴിഞ്ഞ ദിവസം അനുമതി ലഭിച്ചു.