ന്യൂഡല്‍ഹി: രാജ്യാന്തര പാസഞ്ചര്‍ സര്‍വിസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. വിമാനങ്ങളുടെ വിലക്ക് ജൂലായ് 31 വരെ തുടരുമെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.
എങ്കിലും തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍, സാഹചര്യത്തിന്റെ വസ്തുതകള്‍ക്കനുസരിച്ച് രാജ്യാന്തര ഫ്‌ളൈറ്റുകള്‍ ബന്ധപ്പെട്ട അതോറിറ്റി അനുവദിച്ചേക്കാമെന്നും ഡിജിസിഎ കൂട്ടിച്ചേര്‍ത്തു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 23 മുതലാണ് ഇന്ത്യയില്‍ നിന്ന് ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ മെയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ തെരഞ്ഞെടുത്ത രാജ്യങ്ങളുമായി ഉഭയകക്ഷി ”എയര്‍ ബബിള്‍” ക്രമീകരണത്തിലും പ്രവര്‍ത്തിച്ചിരുന്നു.
യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 24 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറുണ്ടാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം, ഇവയ്ക്കിടയില്‍ അവരുടെ എയര്‍ലൈനുകള്‍ ഉപയോഗിച്ച് പ്രത്യേക രാജ്യാന്തര സര്‍വിസുകള്‍ നടത്താന്‍ കഴിയും.