ന്യൂഡല്‍ഹി: കോവിഷീൽഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് വൈകി എടുത്താൽ ഫലപ്രാപ്തി കൂടുമെന്ന് പഠനം. വാക്‌സിൻ ഒന്നും രണ്ടും ഡോസുകൾക്കിടയിലെ ഇടവേള പത്ത് മാസമാക്കി ഉയർത്തിയാൽ മെച്ചപ്പെട്ട രോഗപ്രതിരോധ പ്രതികരണം ലഭിക്കുമെന്നാണ് ഓക്‌സ്ഫർഡ് സർവകലാശാല പുറത്തിറക്കിയ പഠനത്തിൽ പറയുന്നത്.
ഇതിനുപുറമേ മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കുന്നത് ആന്റീബോഡി കൂട്ടുമെന്നും പഠനത്തിൽ പറയുന്നു.
രണ്ട് വാക്‌സിൻ ഡോസുകൾക്കിടയിലെ ദൈർഘ്യം കൂട്ടുന്നത് രോഗത്തെ പ്രതിരോധിക്കുന്ന ആന്റീബോഡികളുടെ അളവ് ശരീരത്തിൽ കൂടാൻ സഹായിക്കും. രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം മൂന്നാമത്തെ ബൂസ്റ്റർ ഡോസ് നൽകിയപ്പോൾ കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായതെന്ന് ഗവേഷകർ പറയുന്നു.