ന്യൂഡൽഹി: ജമ്മു കശ്മീർ വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരിന്റെ പലയിടത്തായി ഡ്രോണുകൾ കണ്ടെത്തി. ഇന്ന് പുലർച്ചെ കലൂചക്, കുഞ്ച്വാനി മേഖലകളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. ഇന്നലെയും സമാനമായ രീതിയിൽ പലയിടത്തും ഡ്രോണുകൾ കണ്ടെത്തിയിരുന്നു. തുടർച്ചായി നാലാം ദിവസമാണ് ഡ്രോണുകൾ കണ്ടെത്തുന്നത്.
വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ലഷ്കർ-ഇ-ത്വയിബയുടെ ഇടപെടൽ സംശയിച്ച് അന്വേഷണ ഏജൻസി. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സ്ഥലം കണ്ടെത്തുന്ന രീതിയിൽ പ്രോഗ്രാം ചെയ്തെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആക്രമണത്തിന് ശേഷം ഡ്രോണുകൾ അതിർത്തി കടന്നതായാണ് സംശയിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ സ്വഭാവം സംബന്ധിച്ച് എൻഎസ്ജിയുടെ ബോംബ് സ്വകാഡ് പരിശോധിച്ച് വരികയാണ്.
അതിനിടെ, അതിർത്തികളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം ഭീഷണിയായിരിക്കെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം ഇന്നലെ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ലഡാക്ക് സന്ദർശനം പൂർത്തിയാക്കി എത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് മേഖലയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ജമ്മു ആക്രമണത്തെ സംബന്ധിച്ച് വിശദമായ ചർച്ച നടന്നെന്നാണ് റിപ്പോർട്ടുകൾ.
രാജ്നാഥ് സിങ്ങിനെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ, എന്നിവരും പങ്കെടുത്തു. പുതിയ ആക്രമണ രീതിയെ പ്രതിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ യോഗത്തിൽ നടന്നു. സൈന്യത്തിൽ വരുത്തേണ്ട ആധുനികവൽക്കരണം, അടിയന്തിര മാറ്റങ്ങൾ, എന്നിവയെക്കുറിച്ചും ചര്‍ച്ച നടന്നതായാണ് സൂചന.