തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. അദ്ദേഹത്തിന്റെ പകരക്കാരനെ ഇന്ന് മന്ത്രിസഭയോഗം തീരുമാനിക്കും. വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ, ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ, റോഡ് സേഫ്റ്റി കമീഷണർ എസ്. അനിൽകാന്ത് എന്നിവരാണ് പരിഗണനയിലുള്ളത്.
കേരള പോലീസിനെ കൂടുതൽ ആധുനികവത്കരിച്ച ഡിജിപിയെന്ന ഖ്യാതിയോടെയാണു പോലീസ് മേധാവിയായുള്ള അഞ്ചു വർഷത്തെ സർവീസിനു ശേഷം ബെഹ്റ വിരമിക്കുന്നത്. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, ഫയർഫോഴ്സ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി തുടങ്ങി നാലു തസ്തികകളിലും സേവനമനുഷ്ഠിച്ച ഏക വ്യക്തിയാണ് അദ്ദേഹം.
1961 ജൂൺ 17ന് ഒഡിഷയിലെ ബെറംപൂരിലാണ് ബെഹ്റയുടെ ജനനം. 1985 ബാച്ചിൽ ഇന്ത്യൻ പൊലീസ് സർവിസിൽ കേരള കേഡറിൽ പ്രവേശിച്ചു. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ (എൻ.ഐ.എ) അഞ്ചുവർഷവും സി.ബി.ഐയിൽ 11 വർഷവും പ്രവർത്തിച്ചു.
ആലപ്പുഴയിൽ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൊച്ചി സിറ്റി അസി. കമീഷണർ, കണ്ണൂർ എസ്.പി, കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻറ്, കൊച്ചി പൊലീസ് കമീഷണർ, തിരുവനന്തപുരത്ത് നർക്കോട്ടിക് വിഭാഗം എസ്.പി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ച ശേഷം കേരളത്തിൽ മടങ്ങിയെത്തി. 2016 ജൂൺ ഒന്നു മുതൽ സംസ്ഥാന പൊലീസ് മേധാവിയാണ്.
പരേതരായ അർജുൻ ബെഹ്റ, നിലാന്ദ്രി ബെഹ്റ എന്നിവരാണ് മാതാപിതാക്കൾ. മധുമിത ബെഹ്റ ഭാര്യയും അനിതെജ് നയൻ ഗോപാൽ മകനുമാണ്. ബുധനാഴ്ച രാവിലെ എട്ടിന് പേരൂർക്കട എസ്.എ.പി മൈതാനത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് വിടവാങ്ങൽ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.