കോവിഡ് വാക്സിന് എടുക്കുന്നതിന് മുമ്പ് വേദനസംഹാരികള്‍ കഴിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് പാരസെറ്റമോളോ മറ്റു വേദന സംഹാരിയോ കഴിക്കുന്നത് വാക്‌സിന്‍റെ ഫലപ്രാപ്തി കുറച്ചേക്കാമെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.
എന്നാല്‍, വാക്‌സിന്‍ എടുത്ത ശേഷം ഉണ്ടാകാറുള്ള പാര്‍ശ്വഫലങ്ങളുടെ തീവ്രത കുറയ്ക്കാനായി പാരസെറ്റാമോള്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കാമെന്നും ഡബ്ല്യൂ.എച്ച്.ഒ വക്താവ് അറിയിച്ചു. വാക്സിനേഷന് മുന്‍പ് വേദനസംഹാരികള്‍ കഴിക്കുന്നത് ആന്‍റിബോഡി പ്രതികരണത്തെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഡബ്ള്യൂ.എച്ച്.ഒ പറയുന്നു. വാക്സിന് മുന്‍പ് വേദനസംഹാരികള്‍ കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുമെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
വാക്‌സിന്‍ എടുത്തവരില്‍ കുത്തിവെപ്പ് എടുത്ത ഭാഗത്ത് വേദന, ക്ഷീണം, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ ലക്ഷണങ്ങള്‍ രണ്ടു ദിവസത്തിനപ്പുറം നീണ്ടു നില്‍ക്കാറില്ലെന്നും ഡബ്ല്യൂ.എച്ച്.ഒ അറിയിച്ചു. എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് വേണ്ടി മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ പ്രൊഫസര്‍ ലൂക്ക് ഒ നീല്‍ പറഞ്ഞു. എന്നാല്‍ വാക്സിനേഷന് മുന്‍പ് വേദനസംഹാരികള്‍ കഴിക്കുന്നത് വാക്സിന്‍റെ ഫലപ്രാപ്തിയെ പരിമിതപ്പെടുത്തിയേക്കാമെന്നും അദ്ദേഹം പറയുന്നു.