കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ അഴിമതിക്കാരൻ എന്ന് വിളിച്ച മുഖ്യമന്ത്രി മമത ബാനർജി. ഹവാല കേസിൽ ജഗ്ദീപ് ധൻഖറിനെതിരെ കുറ്റപത്രമുണ്ടായിരുന്നെന്നും മമത ആരോപിച്ചു. ഇദ്ദേഹത്തെ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ താൻ മൂന്ന് കത്തുകൾ എഴുതിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
‘പശ്ചിമ ബംഗാൾ ഗവർണറെ നീക്കം ചെയ്യാൻ വേണ്ടി ഞാൻ മൂന്ന് കത്തുകൾ എഴുതിയിട്ടുണ്ട്. അയാൾ അഴിമതിക്കാരനാണ്, 1996ൽ ജെയിൻ ഹവാല കേസിലെ കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. കോടതിയിൽ പോയി പേര് മാറ്റി. പക്ഷെ ഇതിനെതിരെ ഒരു പൊതുതാത്പര്യ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. അതിൽ തീർപ്പ് കൽപ്പിച്ചിട്ടില്ല. അദ്ദേഹം ഒരു അഴിമതിക്കാരനാണെന്ന് പറയേണ്ടി വന്നതിൽ ഞാൻ ഖേദിക്കുന്നു’- മമത പറഞ്ഞു.
കുറ്റപത്രം പുറത്തെടുത്ത് ഇയാളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കെന്നും ഇങ്ങനൊരാളെ ഗവർണറായി തുടരാൻ കേന്ദ്രം അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു.
അതേസമയം, മമതയുടെ ആരോപണം തള്ളി ധൻഖർ രംഗത്തെത്തി. താൻ ഒരു കുറ്റപത്രത്തിലും ഉൾപ്പെട്ടിട്ടില്ലെന്നും അങ്ങനെയൊരു രേഖയുമിലെന്നും ധൻഖർ പറഞ്ഞു.