തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നിയമനം ലഭിച്ചവര്‍ക്ക് സ്‌കൂള്‍ തുറന്നാലെ ജോലിയില്‍ പ്രവേശിക്കാനാകൂവെന്നായിരുന്നു നേരത്തെയുള്ള സര്‍ക്കാരിന്റെ തീരുമാനം. പിന്നീട് ഇത് പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. സ്‌കൂള്‍ തുറക്കുമ്പോള്‍ മാത്രമേ ഇവരെ സേവനത്തില്‍ പ്രവേശിപ്പിക്കാനാകൂ എന്ന തീരുമാനം പുനപ്പരിശോധിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം.
എയ്ഡഡ് സ്കൂളുകളിൽ 4000 അധ്യാപകർക്കും, സർക്കാർ സ്കൂളുകളിൽ 3216 അധ്യാപകർക്കും ജോലിയിൽ പ്രവേശിക്കാനാകും.
സർക്കാർ മേഖലയിൽ 2513 പേർ നിയമന ഉത്തരവും 788 പേർ നിയമന ശുപാർശയും ലഭിച്ചവരാണ്. നിയമന ഉത്തരവ് ലഭിച്ചവരെ ജോലിയിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം. ഡിജിറ്റൽ ക്ലാസുകൾ മുന്നോട്ടു കൊണ്ടു പോകാൻ അധ്യാകരുടെ കുറവ് വലിയ തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് സർക്കാർ നിർണായക തീരുമാനമെടുത്തത്.
ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷന്‍ കെ ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.