ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെയും ലഡാക്കിനെയും വെവ്വേറെ രാജ്യങ്ങളായി ചിത്രീകരിച്ച് ട്വിറ്റര്‍. ട്വിറ്ററിന്‍റെ കരിയര്‍ വെബ്സൈറ്റിലാണ് വിവാദ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമാകുന്ന മാപ്പിൽ ജമ്മുകശ്മീർ, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിക്കുന്നത്. രാജ്യത്തിന്റെ വികലമായ മാപ്പ് നല്‍കിയതില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
ഐ.ടി ചട്ടങ്ങള്‍ നടപ്പാക്കത്തതിനെച്ചൊല്ലി നടക്കുന്ന ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ പ്രതിഷേധമറിയിക്കുന്നതിനപ്പുറത്ത് കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് വിവരം. നിയമനം ലഭിച്ച് ആഴ്ചകള്‍ക്കകമാണ് ധര്‍മേന്ദ്ര ചതുര്‍ ട്വിറ്ററിന്‍റെ പരാതി പരിഹാര ഓഫീസര്‍ സ്ഥാനത്തുനിന്ന് രാജിവച്ചത്. ട്വിറ്ററിന്‍റെ സ്ഥിരം ജീവനക്കാരനല്ലാത്തതിനാല്‍ ഇദ്ദേഹത്തിന്‍റെ നിയമനം ഐ.ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഗ്ലോബല്‍ പോളിസി ഡയറക്ടര്‍ ജെറിമി കെസ്സെലിന്‍റെ പേരാണ് പരാതി പരിഹാര ഓഫീസറായി ട്വിറ്റര്‍ നിലവില്‍ നല്‍കിയിരിക്കുന്നത്.
നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റർ വികലമായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമായാണ് ചിത്രീകരിച്ചത്. സംഭവത്തിൽ ട്വിറ്റർ മാപ്പ് പറയുകയും ചെയ്തിരുന്നു