ശ്രീനഗര്‍: ലഷ്കർ കമാൻഡർ നദീം അബ്രാർ അറസ്റ്റിലായതായി റിപ്പോർട്ട്. ബഡ്ഗാം ജില്ലയിലെ നര്‍ബര്‍ പ്രദേശത്ത് നിന്നാണ് കൂട്ടാളിയുടെ ഒപ്പം നദീ അബ്രാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 25 ന് മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ആക്രമണത്തിൻ്റെ സൂത്രധാരനാണ് ഇയാളെന്ന് ജമ്മുകശ്മീർ പൊലീസ് പറഞ്ഞു.
ശ്രീനഗര്‍-ബാരാമുള്ള അതിര്‍ത്തിയില്‍ ഉണ്ടായ നിരവധി ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും സൂത്രധാരന്‍ കൂടിയാണ് ഇയാള്‍.
അതേസമയം, ശ്രീനഗറിന് സമീപമുള്ള പരിംപോരയില്‍ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുകയാണ്. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് ഇവിടെ തെരച്ചിൽ തുടങ്ങിയത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഒരു ജവാന് പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്
ഇതിനിടെ, ജമ്മു വിമാനത്താവളത്തില്‍ ഇന്നലെ നടന്ന സ്ഫോടനത്തിന് പിന്നാലെ ഇന്ന് വീണ്ടും ഡ്രോണ്‍ ആക്രമണത്തിന് ശ്രമമുണ്ടായി. ജമ്മുകശ്മീരിലെ രത്നചൗക്-കാലുചൗക് മേഖലകളിലാണ് ആര്‍ദ്ധരാത്രി രണ്ട് ഡ്രോണുകൾ പറന്നത്. ഡ്രോണുകൾക്ക് നേരെ സൈനികര്‍ വെടിയുതിര്‍ത്തു. ഇതേതുടര്‍ന്ന് ഇവ തിരിച്ചുപറന്നു. ജമ്മു വിമാനത്താവളത്തിന് സമാനമായ സ്ഫോടനം ഇവിടുത്തെ സേനാക്യാമ്പിൽ നടത്തുകയായിരുന്നു ലക്ഷ്യം എന്ന് സംശയിക്കുന്നതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പ്രദേശത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.