തിരുവനന്തപുരം: കേരളത്തിലെ ഉത്തരവാദിത്ത വിനോദ സഞ്ചാര മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാറിനെ സാമൂഹികാധിഷ്ഠിത വിനോദ സഞ്ചാര പരിശീലകരെ പരിശീലിപ്പിക്കുവാനുള്ള അന്താരാഷ്ട്ര പാനലിലേക്ക് തെരഞ്ഞെടുത്തു. ആഗോളതലത്തില്‍ മുന്നൂറു പേര്‍ക്കു പരിശീലനം നല്‍കിയതില്‍ ഇന്ത്യയില്‍ നിന്നു നാലുപേര്‍ മാത്രമാണ് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി പാനലില്‍ പ്രവേശനത്തിനു യോഗ്യത നേടിയത്. ഇതില്‍ രണ്ടുപേര്‍ കേരളത്തില്‍ നിന്നാണ്.
രൂപേഷ് കുമാറിനു പുറമേ ഉത്തരവാദിത്ത ടൂറിസം ഗവേഷകനായ സെബാസ്റ്റ്യന്‍ കുരുവിളയാണ് കേരളത്തില്‍ നിന്ന് പാനലിലെത്തിയ മറ്റൊരാള്‍. സ്വിറ്റ്സര്‍ലണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ ആണ് കോഴ്സ് സംഘടിപ്പിച്ചത്. സാര്‍വ്വദേശീയ രംഗത്ത് സാമൂഹിക ശ്രദ്ധയാകര്‍ഷിച്ച ടൂറിസം പദ്ധതികള്‍ക്കു നേതൃത്വം കൊടുക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും മാത്രമായി കോഴ്സിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു.
രൂപേഷ് കുമാര്‍ 2007 മുതല്‍ കേരളത്തിലെ ഉത്തരവാദിത്ത വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. സുസ്ഥിര വിനോദ സഞ്ചാര മേഖലയിലും, ഉത്തരവാദിത്ത ടൂറിസം രംഗത്തും അവിഭാജ്യ ഘടകമായ സമൂഹാധിഷ്ഠിത ടൂറിസം പദ്ധതി തയ്യാറാക്കുന്നതിന് ആഗോള തലത്തില്‍ തന്നെ പരിശീലനം നല്‍കുന്നതിനാണ് പാനല്‍ രൂപീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സമൂഹാധിഷ്ഠിത വിനോദ സഞ്ചാര പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ടൂറിസം പ്ലാനിംഗിന് ലോക രാജ്യങ്ങള്‍ മുന്‍കൈ എടുക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി ആരംഭിക്കുന്നത്.