തിരുവനന്തപുരം: വിദ്യാഭ്യാസപരമായി മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന് നിൽക്കുന്നു എന്ന് അഹങ്കരിക്കുന്ന കേരളത്തിന് അപമാനകരമായ കാര്യമാണ് സംസ്ഥാനത്ത് ഒരിടത്തും ഫോറൻസിക് സയൻസ് ബിഎസ്ഇ കോഴ്സ് ഇല്ല എന്നത്. ഇന്ത്യാ ഗവൺമെന്റ് പാർലമെന്റിൽ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ യു.ജി.സി അംഗീകാരം കൊടുത്ത ഒരു കോഴ്സ് ആണ് ഫോറൻസിക് സയൻസ്. എന്നാൽ ഈ മേഖലയിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ തങ്ങൾക്ക് അർഹതപ്പെട്ട അവസരം അനർഹർ കയ്യാളുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുകയും മറ്റു മേഖലകളിൽ തൊഴിൽ അന്വേഷിക്കുകയും ചെയ്യുകയാണ്. എന്നാൽ ഇത് തിരിച്ചറിയാനും ഫോറൻസിക് സയൻസ് കോഴ്സുകൾ ആരംഭിക്കാനും ഇവരുടെ പ്രശ്നം പരിഹരിക്കാനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും സർക്കാരും ഇതുവരെ തയാറായിട്ടില്ല. ഈ അവസ്ഥയിൽ കേരളത്തിന് പുറത്തുള്ള കോളേജുകളെയാണ് ഈ കോഴ്സ് പഠിക്കാൻ വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്. ഇത്ര ലജ്ജകരമായ അവസ്ഥയിൽ പോലും പുതിയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ അധികൃതർ തയാറായിട്ടില്ല.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേർസിറ്റി, മറ്റ് നിരവധി പ്രൈവറ്റ് യൂണിവേർസിറ്റികൾ, ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കേരളാ പൊലീസ് അക്കാദമി നടത്തുന്ന ഫോറൻസിക് സയൻസ് കോഴ്സുകൾ അടക്കം പഠിച്ച വിദ്യാർത്ഥികൾ തൊഴിൽരഹിതർ എന്ന കാറ്റഗറിയിലേക് മാത്രമാണ് ചേർക്കപ്പെടുന്നത്. മികച്ച ട്രെയിനിങ്ങും മികച്ച അറിവും ഈ മേഖലയിൽ പ്രാഗൽഭ്യം ഉള്ളതുമായ വിദ്യാർത്ഥികളെ തഴഞ്ഞ് ഈ മേഖലയിൽ തൊഴിൽരഹിതരുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഫോറൻസിക് കോഴ്സ് അർഹതപ്പെട്ട അവസരങ്ങൾ നൽകി തങ്ങളുടെ തൊഴിൽ സംരക്ഷിക്കണമെന്നും, ഈ മേഖലയെ മുന്നോട്ട് കൊണ്ടുവന്ന് രാജ്യത്തെ കുറ്റാന്വേഷണ രംഗത്തെ മികവുറ്റതുമാക്കണമെന്നും, അതിനുവേണ്ട ശക്തമായ നിയമനിർമ്മാണം കൊണ്ടുവരണമെന്നും, പി.എസ്.സിയിലടക്കം അതിനു വേണ്ട മാറ്റങ്ങൾ കൊണ്ടുവരണമെന്നമാണ് ഈ കോഴ്സ് പഠിച്ച വിദ്യാർത്ഥികളുടെ അഭ്യർത്ഥന.
കുറ്റാന്വേഷണ രംഗത്തെ മികവുറ്റതും കാര്യക്ഷമമാക്കാനും നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്താനും കഴിയുന്ന ഈ രംഗത്തെ ഗ്രാഡ്വേറ്റ്സ് തഴയപ്പെടുകയാണ്. അവർ അർഹിക്കുന്ന അവസരം ലഭിക്കാതെ കൃത്യമായ തെളിവുകളുടെ അഭാവം കൊണ്ട് തെളിയിക്കപ്പെടാതെ പോകുന്ന കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുമ്പോൾ ആണ് ഈ മേഖലയിൽ ട്രെയിൻഡ് ആയ പ്രൊഫഷണലുകൾ ആയ ബി.എസ് സി , എം.എസ് സി സ്‌റ്റുഡന്റ്സ് തഴയപ്പെടുന്നത്. സയൻസിൽ ബിരുദമുള്ളവരെ റിക്രൂട്ട് ചെയ്യുന്നത് വഴി അവർക്ക് ട്രെയിനിങ്ങ് കൊടുത്ത് പോസ്റ്റ് ചെയ്യുകയാണ് നിലവിൽ ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങൾ. മറ്റു ശാസ്ത്ര വിദ്യാർത്ഥികളെ ഫോറൻസിക് ജോലികളിൽ നിയമിക്കുന്നത് എൻജിനിയർമാരോട് ചികിൽസിക്കാൻ ആവശ്യപ്പെടുംപോലെ അന്യായമല്ലേ എന്ന് ഫോറൻസിക് ബിരുദദാരികൾ ചോദിക്കുന്നു. എന്നാൽ ഈ മേഖലയിൽ വൈവിധ്യവും അറിവുമുള്ള വിദ്യാർത്ഥികളെ തഴഞ്ഞ് ഞങ്ങളുടെ അവസരങ്ങൾ ഇല്ലാതാക്കുകയാണ്.ഈ അനീതി തുടരുമ്പോൾ ഈ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസയോഗ്യത ബിരുദങ്ങൾ അടയാളപ്പെടുത്തിയ വെറും ഒരു കടലാസുമാത്രമായി മാറുകയാണ്. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ഈ ശാസ്ത്രത്തിനുമുള്ള പങ്കു ഏറെ വലുതാണ്. യോഗ്യത ഉള്ളവരെ നിയമിച്ചു സർക്കാരുകൾക്ക് ഉണ്ടാകുന്ന അധികബാധ്യത ഒഴിവാക്കാനും കുറ്റാന്വേഷണ രംഗത്തെ മികവുറ്റതാകാനും ഈ മേഖലയിൽ മാറ്റം അനിവാര്യമാണ് എന്ന് സർകാറുകൾ തിരിച്ചറിയണം.