കൊച്ചി:കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. രാവിലെ 11 മണിയ്ക്ക് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ ഹാജരാകാൻ അർജുന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിശ്ചയിച്ച സമയത്തിന് മുന്നെ തന്നെ അര്‍ജുൻ കൊച്ചിയിൽ എത്തുകയായിരുന്നു.
രണ്ടര കിലോയോളം സ്വർണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴി പ്രകാരം അർജുനാണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ.കഴിഞ്ഞ ദിവസങ്ങളിൽ അർജുന്റെ ഭീഷണി ഓഡിയോ സന്ദേശവും പുറത്തു വന്നിരുന്നു. ഇത്തരം കാര്യങ്ങളും ഒപ്പം അർജുൻ ഇടനിലക്കാരനാണെങ്കിൽ സ്വർണ ഇടപാട് ആര്‍ക്ക് വേണ്ടി അതിനുള്ള ഫണ്ട് എവിടെ നിന്ന് തുടങ്ങി നിര്‍ണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കിട്ടാനുള്ളത്. മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.