തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകളും സർവകലാശാല പരീക്ഷകളും ഇന്ന് ആരംഭിക്കും. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് കോവിഡ് കാലത്ത് പരീക്ഷകൾ നടത്തുക. കോവിഡിൽ കാര്യമായ കുറവ് വരാതിരിക്കുകയും ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മാറ്റണമെന്ന ആവശ്യം തള്ളിയാണ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ പരീക്ഷ തുടങ്ങുന്നത്.
പരീക്ഷക്ക് പുറപ്പെടുന്ന വിദ്യാർഥികളെ തടയില്ല. ഹാൾ ടിക്കറ്റ് കാണിക്കുന്ന വിദ്യാർഥികൾക്ക് യാത്രാനുമതി നൽകണമെന്ന് പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് ആയതിനാൽ കൂടുതൽ ക്രമീകരണം നടത്തിയാണ് സർവകലാശാലകൾ പരീക്ഷ നടത്തുന്നത്. പരീക്ഷകൾക്കായി കൂടുതൽ പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. രോഗബാധിതരായവർക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്താനാണ് തീരുമാനം. വിദ്യാർഥികൾക്ക് ഇരട്ട മാസ്‌ക്ക്, ഗ്ലൗസ് എന്നിവ നിർബന്ധമാക്കിയാണ് ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷ നടത്തുന്നത്. ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികളെ ഉപയോഗിക്കാൻ അനുവദിക്കില്ല. പരീക്ഷാ സമയവും പ്രാക്ടിക്കൽ വിഷയങ്ങളും വെട്ടിക്കുറച്ചാണ് പരീക്ഷ നടത്തുന്നത്.

















