ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഭൂവുടമയോട് കൈക്കൂലി ചോദിക്കുകയും പണം നൽകിയില്ലെങ്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെക്കൊണ്ട് വസ്തുവിൽ കൊടികുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എം കോർപ്പറേഷൻ കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി. തിരുവനന്തപുരം കോർപ്പറേഷൻ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നത്.
പേയാട് സ്വദേശി സഞ്ജുവിന്റെ 19 സെന്റ് വസ്തുവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായിരുന്നു കൗൺസിലർ അജിൻ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളും, പണം നൽകിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
തൃക്കണ്ണാപുരം വാർഡിലെ എംഎൽഎ റോഡിനോട് ചേർന്ന് വാങ്ങിയ 19 സെന്റ് ഭൂമി ഭൂമി പ്ലോട്ടുകളാക്കി തിരിച്ച് വിൽപന നടത്തുകയായിരുന്നു സഞ്ജു. ആദ്യത്തെ രണ്ട് പ്ലോട്ടുകൾ വിറ്റതിന് ശേഷമാണ് കൗൺസിലർ അജിൻ ഇടപെടലുമായി രംഗത്തെത്തുന്നത്.
ഈ ഭൂമിയിൽ പുറമ്പോക്ക് ഉണ്ടെന്നും അത് തരപ്പെടുത്തി തരാമെന്നും അല്ലെങ്കിൽ തരം മാറ്റി വിൽക്കാൻ സഹായിക്കാമെന്നും പറഞ്ഞാണ് കൗൺസിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ഭൂമി പ്ലോട്ട് തിരിച്ച് വിൽക്കുമ്പോൾ വലിയ തുക ലഭിക്കുമെന്നും അതിൽ ഒരു വിഹിതം തനിക്ക് വേണമെന്നുമാണ് കൗൺസിലറുടെ ആവശ്യം. പത്ത് ലക്ഷം രൂപയോ അല്ലെങ്കിൽ അടിയന്തരമായി മൂന്ന് ലക്ഷം രൂപയോ തന്നില്ലെങ്കിൽ ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് വസ്തുവിൽ കൊടികുത്തിക്കുമെന്നായിരുന്നു കൗൺസിലറുടെ ഭീഷണി.
മറ്റു രാഷ്ട്രീയ പാർട്ടിക്കാർ വിഷയത്തിൽ ഇടപെട്ടാൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകുമെന്നും, ഇപ്പോൾ താൻ പറഞ്ഞ തുക നൽകിയാൽ കാര്യങ്ങൾ തന്നിൽ മാത്രമായി ഒതുങ്ങിനിൽക്കുമെന്നും അജിൻ സഞ്ജുവിനോട് പറഞ്ഞു.
തർക്കിക്കാൻ നിന്നാൽ പ്രശ്‌നം രൂക്ഷമാകുമെന്നും റോഡിന്റെ രേഖകളിലെ പുറമ്പോക്ക് ഭൂമിയിലൂടെയുള്ള തോടും ഓടയും ചൂണ്ടിക്കാട്ടി നിർമാണ പ്രവൃത്തികൾ തടയുമെന്നുമാണ് ഭൂവുടമയോട് കൗൺസിലർ ഫോണിൽ പറഞ്ഞത്.
പോലീസിനെയും വില്ലേജ് ഓഫീസറെയും വിളിച്ച് വരുത്തി റിപ്പോർട്ട് ചെയ്യിച്ച് പണി തടയുമെന്നും നേരിട്ടെത്തി ധാരണയിലെത്തിയ ശേഷം മാത്രം പണി തുടർന്നാൽ മതിയെന്നും, പാർട്ടിക്കാർ ഇടപെട്ട് കൊടി കുത്തിയാൽ പണം മുഴുവൻ ബ്ലോക്കാകുമെന്നും കൗൺസിലർ മുന്നറിയിപ്പ് നൽകുന്നതും ശബ്ദരേഖയിലുണ്ട്.
വസ്തുവിന്റെ വിൽപനയും പോക്കുവരവും വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമാണ് പൂർത്തിയായത്.
പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിരുന്നെങ്കിലോ മറ്റ് പ്രശ്‌നങ്ങളുണ്ടെങ്കിലോ കൈമാറ്റം സാധ്യമാകുകയായിരുന്നില്ല. നിയമപരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായിട്ടും കൗൺസിലർ കൃത്രിമ തടസങ്ങൾ ഉന്നയിച്ച് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് സഞ്ജു പറയുന്നു.
കൈക്കൂലിയും ഭീഷണിയും സഹിക്കവെയ്യാതെ ഭൂവുടമ കോർപ്പറേഷനെ സമീപിച്ചിരുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന കോർപ്പറേഷന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തത് ഒത്തുകളിയാണോ എന്ന സംശയത്തിനും വഴിവെക്കുന്നുണ്ട്. വിഷയത്തിൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.















