ന്യൂയോർക്ക്: ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി സെറീന വില്ല്യംസ്. മൂന്നു വയസ് പ്രായമുള്ള മകൾ ഒളിമ്പിയയെ കുറച്ചു ദിവസത്തേക്ക് പിരിഞ്ഞിരിക്കേണ്ടി വരുമെന്നതാണ് സെറീനയുടെ പിന്മാറ്റത്തിന് കാരണം. കോവിഡ് സുരക്ഷ മുൻനിർത്തി മത്സരാർഥികളുടെ കുടുംബാഗങ്ങളേയും വിദേശ കാണികളേയും ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
39-കാരിയായ സെറീന ഒളിമ്പിക്സിൽ നാല് സ്വർണ മെഡൽ നേടിയിട്ടുണ്ട്. 2000 സിഡ്നി ഒളിമ്പിക്സിലും 2008 ബെയ്ജിങ് ഒളിമ്പിക്സിലും ഡബിൾസിൽ സ്വർണം നേടിയ സെറീന 2012 ലണ്ടൻ ഒളിമ്പിക്സിൽ സിംഗിൾസിലും ഡബിൾസിലും സ്വർണം നേടി. സഹോദരിയായ വീനസ് വില്ല്യംസിനൊപ്പമാണ് സെറീനയുടെ മൂന്ന് ഡബിൾസ് സ്വർണ നേട്ടവും.
നേരത്തെ റാഫേൽ നദാലും ഡൊമിനിക് തീമും ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയിരുന്നു.