ആലപ്പുഴ: ഇന്ന് ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ജി സുധാകരന് രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉണർന്നു പ്രവർത്തിച്ചില്ലെന്നാണ് വിമർശനം. തോമസ് ഐസക് സജീവമായപ്പോൾ ജി സുധാകരൻ ഉൾവലിഞ്ഞു നിന്നു എന്നാണ് ജില്ലാ കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നത്. ജി സുധാകരന്റെ അസാന്നിധ്യത്തിൽ ആയിരുന്നു വിമർശനം.
സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഓരോ മണ്ഡലത്തിലേയും ചുമതലയുണ്ടായിരുന്ന നേതാക്കന്മാർ റിപ്പോർട്ട് അവതരിപ്പിക്കുകയും അതിന്മേൽ ചർച്ച നടക്കുകയും ചെയ്തു. ഇതിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനങ്ങളാണ് ഏറ്റവും അധികം വിമർശനവിധേയമായത്. സുധാകരനെതിരെ എച്ച്. സലാം ഉൾപ്പെടെയുള്ള നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചു.
എച്ച് സലാമിന് എതിരെ രക്തസാക്ഷിമണ്ഡപത്തിൽ പതിഞ്ഞ എസ്ഡിപിഐ ആരോപണമുള്ള പോസ്റ്ററുകൾക്ക് പിന്നിൽ സുധാകര പക്ഷത്തുള്ളവരാണ് എന്നും ആക്ഷേപം ഉയർന്നു. സീറ്റ് കിട്ടാത്തതിലെ അതൃപ്തി പല രീതിയിൽ പ്രകടമാക്കിയെന്നും അഭിപ്രായമുണ്ടായി.
കുടുംബ യോഗങ്ങളിൽ അടക്കം ദുസൂചന നൽകുന്ന പരാമർശം ജി. സുധാകരൻ നടത്തിയതായി ആരോപണം ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ അസംതൃപ്തനാണെന്ന സൂചന നൽകുന്ന പ്രവർത്തനങ്ങൾ ജി. സുധാകരന്റെ ഭാഗത്തുനിന്നുണ്ടായെന്നും യോഗം വിമർശിച്ചു. എല്ലാം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് പാർട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ യോഗത്തിൽ പറഞ്ഞു.