തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നടക്കാനിരിക്കുന്ന സർവകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ എംപി ഗവർണറെ കണ്ടു. അനുഭാവപൂർണ്ണമായ പ്രതികരണമാണ് ഗവർണറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി തരൂർ അറിയിച്ചു.
കോവിഡ് പ്രതിസന്ധികൾക്കിടെ സർവകലാശാലാ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെയാണ് ശശി തരൂർ ഗവർണറെ സമീപിച്ചത്.
കോവിഡ് പ്രതിസന്ധികള്‍ക്കിടെ നടത്തുന്ന പരീക്ഷക്കെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷവും പരീക്ഷ മാറ്റിവെക്കണമെന്ന നിലപാടിലാണ്.
രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയാണ് വിദ്യാർത്ഥികൾക്കുള്ളത്. വാക്സിൻ എല്ലാവർക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കയാണ്ഭൂരിപക്ഷം വിദ്യാർത്ഥികളും പങ്ക് വെക്കുന്നത്. പരീക്ഷ മാറ്റിവെയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും സർവകലാശാലകൾ വ്യക്തമാക്കുന്നു.