ന്യൂഡൽഹി: കോവിഡിനെ മറികടക്കാൻ യോഗയും പ്രാണായാമവും ശീലമാക്കാൻ ഉപദേശിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ട്വിറ്ററിലൂടെയാണ് രാഷ്‌ട്രപതി ജനങ്ങളെ ഉപദേശിച്ചത്. പ്രസിഡൻറ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഉപദേശം.
”നമുക്കെല്ലാവർക്കും യോഗയും പ്രാണായാമവും നിത്യജീവിതത്തിന്റെ ഭാഗമാക്കാം. നമുക്ക് സമൂഹത്തിലേക്ക് ഇത് പ്രചരിപ്പിക്കുകയും ചെയ്യാം. ഈ മഹാമാരി മൂലമുണ്ടായ ദുരന്തത്തെ മറികടക്കാൻ നമുക്കിത് കൊണ്ട് മാത്രമേ കഴിയൂ. കൂടാതെ ഇതുവഴി നമുക്ക് ആരോഗ്യമുള്ള രാജ്യത്തെ വാർത്തെടുക്കാനും കഴിയും”രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു.
വാക്സിനേഷന്റെ പ്രാധാന്യത്തെ കുറിച്ചും രാഷ്‌ട്രപതി മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ഏറ്റവും ആദ്യം സ്വയം വാക്സിനെടുക്കൽ മാത്രമല്ല, മറ്റുള്ളവരെ വാക്സിനേഷനായി പ്രചോദിപ്പിക്കുന്നതും ഓരോരുത്തരുടെയും കടമയാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾ ബോധമുള്ള ഒരു പൗരന്റെ ചുമതലകൾ നിർവഹിക്കുകയാണ് ചെയ്യുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു.