അഗർത്തല: ത്രിപുരയിൽ ബിജെപിയിലെ പൊട്ടിത്തെറി അതിരൂക്ഷമാകുന്നു. പാർട്ടി അധികാരത്തിലുള്ള സംസ്ഥാനത്ത് വിഭാഗീയത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി വിളിച്ച യോഗത്തിൽനിന്ന് 10 എംഎൽഎമാർ വിട്ടുനിന്നു.
36 എംഎൽഎമാരുടെയും യോഗത്തിലാണ് ഇവർ പങ്കെടുക്കാതെ ഒഴിഞ്ഞുമാറിയത്. വിമതസ്വരം ശക്തമായതോടെ, 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാവാൻ മുഴുവൻ എംഎൽഎമാരുടെയും പിന്തുണ തേടുന്നതിനാണ് യോഗം ചേർന്നത്. 60 അംഗ നിയമസഭയില്‍ 36 സീറ്റാണ് ബിജെപിയ്ക്കുള്ളത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംസ്ഥാന ബിജെപിയില്‍ ഭിന്നത മൂര്‍ച്ഛിച്ചത്. സുദീപ് റോയ് ബർമാൻ, രാം പ്രസാദ് പോൾ അടക്കമുള്ള എംഎൽഎമാരാണ് വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സുദീപ് റോയ്ബര്‍മ്മനെ ഏകപക്ഷീയമായി ബിപ്ലബ് കുമാര്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
വിട്ടുനിന്ന വിമത എംഎൽഎമാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽനിന്ന് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് സൂചന.