ന്യൂഡൽഹി: ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിലുണ്ടായതു ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ഇന്ത്യയിലെ ഏതെങ്കിലും സൈനിക കേന്ദ്രത്തിനു നേരെ നടക്കുന്ന ആദ്യ ഡ്രോൺ ഭീകരാക്രമണമാണിത്. ആക്രമണത്തിൽ വ്യോമസേനാംഗങ്ങളായ രണ്ടുപേർക്കു പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണു സ്‌ഫോടനങ്ങളുണ്ടായത്. പ്രദേശമാകെ അതീവ ജാഗ്രതയിലാണ്.
പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്കറെ ത്വയിബയാണു ഡ്രോണിലൂടെ സ്ഫോടക വസ്തുക്കൾ വർഷിച്ചതെന്നു ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. പാക്ക് അതിർത്തിയിൽനിന്ന് 16 കിലോമീറ്റർ ദൂരെയാണു സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ ഒരു കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളില്‍വരെ സ്‌ഫോടന ശബ്ദം കേട്ടു. ആദ്യ സ്ഫോടനം പുലർച്ചെ 1.37നും രണ്ടാമത്തേത് 1.43നും ആയിരുന്നെന്നാണു വിവിധ റിപ്പോർട്ടുകളിൽ പറയുന്നത്.
ഒരു സ്ഫോടനത്തിൽ സാങ്കേതിക വിഭാഗത്തിന്റെ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കു കേടുപാടുകൾ സംഭവിച്ചു. മറ്റൊരു ബോംബ് തുറന്ന സ്ഥലത്താണു പൊട്ടിത്തെറിച്ചത്. ‘ജമ്മു എയർഫീൽഡിലെ രണ്ടു സ്‌ഫോടനങ്ങളിലും പേലോഡുള്ള ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. മറ്റൊരു ബോംബും പൊലീസ് കണ്ടെത്തി. തിരക്കേറിയ സ്ഥലത്ത് ഐഇഡി സ്ഫോടനം നടത്താനായിരുന്നു ശ്രമമെന്നു കരുതുന്നു’– ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ് വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യോമസേനാ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണമാരംഭിച്ചു. യുഎപിഎ നിയമപ്രകാരം എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. വ്യോമസേന, ദേശീയ ബോംബ് ഡേറ്റ സെന്റർ, ഫൊറൻസിക് വിദഗ്ധർ, ജമ്മു കശ്മീർ പൊലീസ് എന്നിവരും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ജമ്മു വിമാനത്താവളം, യാത്രക്കാരുടെ വിമാന സർവീസുകൾക്കും ഉപയോഗിക്കുന്നുണ്ട്. തടസ്സങ്ങളൊന്നുമില്ലെന്നും പതിവു പോലെ വിമാന സർവീസുകൾ നടക്കുന്നതായും വിമാനത്താവള ഡയറക്ടർ പ്രവാത് രഞ്ജൻ ബ്യൂറിയ വാർത്താ ഏജൻസി പിടിഐയോടു പറഞ്ഞു.